Site icon Newskerala

സഹകരണബാങ്കിൽ 1.70 കോടിയുടെ വെട്ടിപ്പ്; മുഖ്യപ്രതിയായ മാനേജർ അറസ്റ്റിൽ, രണ്ടാം പ്രതി ഒളിവിൽ

മംഗളൂരു: കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ സബറകട്ടെയിലെ ഷിരിയാർ സർവീസ് സഹകരണ സംഘത്തിന്‍റെ കാവടി ശാഖയിൽ നടന്ന തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റിൽ. ഹെഗ്ഗുങ്കെ ഗ്രാമത്തിലെ ജാനുവാരക്കട്ടെ സ്വദേശി സുരേഷ് ഭട്ട് ആണ് (38) അറസ്റ്റിലായത്. കാവടി ബ്രാഞ്ചിന്റെ ഇൻ ചാർജ് മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇയാൾ. സുരേഷ് ഭട്ടും ജൂനിയർ ക്ലാർക്ക് ഹരീഷ് കുലാലും ഒളിവിൽ പോകുന്നതിന് മുമ്പ് സൊസൈറ്റിയിൽ നിന്ന് ഏകദേശം 1.70 കോടി രൂപ ദുരുപയോഗം ചെയ്തെന്നാണ് പരാതി. തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉഡുപ്പി ഡിവൈ.എസ്.പി പ്രഭു ഡി.ടി, ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ ഗോപികൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കോട്ട പൊലീസ് സബ് ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ, മന്തേഷ് ജബഗൗഡ്, സ്റ്റാഫ് അംഗങ്ങളായ കൃഷ്ണ ഷെരേഗർ, ശ്രീധർ, വിജയേന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ഹരീഷ് കുലാൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version