
കൊല്ലം: ബിയർ കുടിച്ച് സമനില തെറ്റിയ പെൺകുട്ടിയെ വീട്ടിലെത്തിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി.അയൽ വീട്ടിലെ റെഫ്രിജറേറ്ററിൽ നിന്ന് ബിയർ കുടിച്ച് സമനില തെറ്റി റോഡിലിറങ്ങിയ 14 കാരിയെയാണ് പരിസരവാസികളായ യുവാക്കൾ വീട്ടിലെത്തിച്ചത്. പെൺകുട്ടിയെ കാറിൽ കയറ്റുന്നത് ചിലർ കണ്ടതോടെ യുവാക്കൾ 14 കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് വ്യാജ പ്രചരണം നടക്കുകയായിരുന്നു.
കൊല്ലം ഏഴൂർ പഞ്ചായത്തിലെ ഒരു കൂട്ടം യുവാക്കളാണ് പുലിവാല് പിടിച്ചത്.ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് യുവാക്കൾ റോഡിന്റെ ഒരു വശത്ത് കുശലം പറഞ്ഞു നിൽക്കുകയായിരുന്നു. ഇതിനിടെ ബിയർ കുടിച്ച് റോഡിലിറങ്ങിയ പെൺകുട്ടി മദ്യപാനികളെ പോലെ നിലവിട്ട് പെരുമാറുകയായിരുന്നു. ഇത് കണ്ട യുവാക്കൾ പെൺകുട്ടിയെ കാറിൽ കയറ്റി വീട്ടിലെത്തിച്ച് കതക് അടച്ചിട്ടു.
കുട്ടിയെ ആരോ കാറിൽ കയറ്റി കൊണ്ടുപോയെന്ന വാർത്ത പ്രചരിച്ചതോടെ നാട്ടുകാരിൽ ചിലർ വീട്ടിലെത്തി. അടച്ചിട്ട വീട്ടിൽ ബോധരഹിതയായ പെൺകുട്ടിയെ കണ്ടതോടെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന വാർത്ത പരന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂർ എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഒന്നുമറിയില്ലെന്നായിരുന്നു മറുപടി.
ഇതേ തുടർന്ന് പോലീസ് ചൈൽഡ് ലൈനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് താൻ ബിയർ കഴിച്ച് സ്വബോധം നഷ്ടപ്പെട്ടതാണെന്നും ആരും ഉപദ്രവിച്ചിട്ടില്ലെന്നും പെൺകുട്ടി തുറന്ന് പറഞ്ഞത്. അന്വേഷണത്തിൽ പോലീസിന് സത്യാവസ്ഥ മനസിലായതോടെ പെൺകുട്ടിയെ വീട്ടിലെത്തിച്ച യുവാക്കളെ വെറുതെ വിടുകയായിരുന്നു.
