
തൊടുപുഴയിൽ പത്തൊൻപതുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. മുട്ടം സ്വദേശി ജോമോനാണ് പിടിയിലായത്. പ്രതിയുടെ ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയപ്പോഴാണ് ആക്രമണം. ഭാര്യാ മാതാവിന് ഇൻസുലിൻ നൽകാനെത്തിയ പെൺകുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.
സംഭവ സമയത്ത് പ്രതിയും ഭാര്യാമാതാവും മാത്രമായിരുന്നു വീട്ടിൽ.ഡോക്ടറെ കാണാൻ പോയിരുന്ന ജോമോന്റെ ഭാര്യയും മകളും വിളിച്ചറിയിച്ചത് അനുസരിച്ചാണ് പെൺകുട്ടി ഇൻസുലിൻ എടുക്കാൻ വീട്ടിലെത്തിയത്. ഇൻസുലിനെടുത്ത് മടങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ള പെൺകുട്ടി പ്രതിയെ തള്ളി താഴെയിട്ട ശേഷം ഓടി വീട്ടിലെത്തി വിവരം ധരിപ്പിച്ചയുടൻ കുഴഞ്ഞുവീണു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കൾ നൽകിയ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.
