
ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴയും വെള്ളക്കെട്ടും. ഡൽഹിയിൽ താപനില കുത്തനെ താഴ്ന്നു. വിവിധ സംസ്ഥാനങ്ങളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കടുത്ത ചൂടിൽനിന്ന് കൊടുംതണുപ്പിലേക്കുള്ള മാറ്റത്തിലാണ് ഡൽഹി. നിലവിൽ കൂടിയ താപനില 24 ഡിഗ്രിയും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായി. അതായത് ഒരു പതിറ്റാണ്ടിനിടയിൽ ഒക്ടോബർ മാസത്തിൽ രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില. വെള്ളിയാഴ്ച അർധരാത്രി മുതലുള്ള മഴയിൽ നഗരത്തിൽ പല ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വലിയ ഗതാഗത തടസ്സവുമുണ്ട്.
യു.പി. നോയിഡയിൽ പല പ്രധാന റോഡുകളിലും വെള്ളം കയറി. മഥുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ട്. വരുന്ന രണ്ടുദിവസം കൂടി ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിൽ മഴ തുടരും. ഉത്തരാഖണ്ഡിൽ ചമ്പാവത്തിൽ മലയിടിച്ചിലിനെ തുടർന്ന് സംസ്ഥാനപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. തന്കപുർ-പിതോർഗഡ് റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, ബംഗാൾ, ബിഹാർ, അസം, അരുണാചൽ, മേഘാലയ, മിസോറാം, മണിപ്പൂർ, സിക്കിം സംസ്ഥാനങ്ങളിലും ബുധനാഴ്ച വരെ ഇടവിട്ടുള്ള മഴ തുടരും.
