മൂത്രത്തിൽ കല്ലാണെന്ന് കരുതി, കൊടുംവേദന; ഡോക്ടർമാർ വയറ്റിലിട്ട കത്രികയുമായി 5 കൊല്ലം’

കോഴിക്കോട് : പ്രസവശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ മറന്നുവച്ചൊരു കത്രിക മൂലം 5 കൊല്ലം ഹർഷിന (30) അനുഭവിച്ച കൊടുംവേദനയ്ക്ക് അറുതിയായി. മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയിൽവച്ചുതന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തു.

പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രസവശസ്ത്രക്രിയക്കു ശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്. തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. ഗൈനക്ക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക്കോളജിസ്റ്റ് ഡോ. സജല വിമൽരാജ്, യൂറോളജിസ്റ്റ് ഡോ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.

യുവതിയുടെ പരാതിയിൽ, ഉദരരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി, സർജറി വിഭാഗം പ്രഫസർ എന്നിങ്ങനെ 3 അംഗ സമിതി അന്വേഷണം നടത്തുന്നതായി പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി പറഞ്ഞു. ഇവർക്കു നേരത്തേ 2 സ്വകാര്യ ആശുപത്രികളിൽ പ്രസവ ശസ്ത്രക്രിയ നടത്തിയിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു.

‘‘ശസ്ത്രക്രിയയുടെ വേദനയാണെന്നാണ് ആദ്യം കരുതിയത്. ഇടയ്ക്കിടെ വേദന, പനി, തളർച്ച, ക്ഷീണം, എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയൊക്കെയായിരുന്നു. മൂത്രത്തിൽ അണുബാധ വന്നപ്പോൾ ഡോക്ടർമാരെ മാറിമാറി കാണിച്ചു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ പോയി സ്കാൻ ചെയ്തു. ആദ്യം മൂത്രത്തിൽ കല്ലാണ് എന്നാണു വിചാരിച്ചത്. പിന്നീട് ഡോക്ടർക്കു സംശയം തോന്നിയാണു സിടി സ്കാൻ ചെയ്തത്. 25 വയസ്സ് മുതൽ അനുഭവിച്ച ഈ ദുരിതത്തിന് നഷ്ടപരിഹാരം ആരോഗ്യവകുപ്പ് തന്നേ പറ്റൂ’’. – ഹർഷിന

മൂത്രത്തിൽ കല്ലാണെന്ന് കരുതി, കൊടുംവേദന; ഡോക്ടർമാർ വയറ്റിലിട്ട കത്രികയുമായി 5 കൊല്ലം’

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes