
പെട്ടി ഓട്ടോ അഭയമാക്കിയ നസീറും മക്കളും
കൊല്ലം:കൊല്ലം ടൗണിൽ ശങ്കേഴ്‌സ് ജങ്‌ഷനുസമീപം െപട്ടി ഓട്ടോ വീടാക്കിയ മൂന്നു കുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്തു. അഞ്ചും എട്ടും പതിനൊന്നും വയസ്സുള്ള കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാൻ ഇടമില്ലാത്തതിനെക്കുറിച്ച് ‘മാതൃഭൂമി’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വീണാജോർജ് ഇടപെട്ടാണ് കുട്ടികളെ കൊല്ലത്തെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയത്.
വനിതാശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ഇതുസംബന്ധിച്ച് നിർദേശം നൽകുകയായിരുന്നു. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം സി.ഡബ്ല്യു.സി. ചെയർമാൻ സനൽ എം.വെള്ളിമൺ, കമ്മിറ്റി അംഗം അലൻ എം.അലക്സാണ്ടർ തുടങ്ങിയവർ കുട്ടികളെയും പിതാവിനെയും നേരിട്ടുകണ്ട് സംസാരിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടിക്കും ഒരുമിച്ച് താമസിക്കാനുള്ള സൗകര്യമാണ് നൽകിയിട്ടുള്ളത്.
മാതൃഭൂമി വാർത്തയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവർക്ക് സഹായഹസ്തവുമായി ഒട്ടേറെപ്പേർ എത്തി. വീട് നിർമിച്ചുനൽകാനും വാടകവീട് സംഘടിപ്പിക്കാനും കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാനും സന്നദ്ധത പ്രകടിപ്പിച്ചു. കുടുംബത്തെ പുനരധിവസിപ്പിക്കുമെന്ന് കേരള സ്ക്രാപ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുത്തുക്ക പട്ടാമ്പിയും സെക്രട്ടറി കെ.പി.എ.ഷെരീഫ് മലപ്പുറവും അറിയിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വീട് നിർമിച്ചുനൽകുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്നതിനും തയ്യാറാണെന്നും അറിയിച്ചു.
ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, വൈസ് ചെയർമാൻ എസ്.നാരായണസ്വാമി എന്നിവർ നേരിട്ടെത്തി കുടുംബത്തെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. കാസർകോട് സ്വദേശി ഷൈലജ വീട് വയ്ക്കാനുള്ള ഭൂമി നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. കരുനാഗപ്പള്ളി കല്ലേലിഭാഗം ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ, ഭാരത് ലജ്‌ന മൾട്ടി ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തൃശ്ശൂർ സിറ്റി സ്പോർട്‌സ് ഉടമ രാധാകൃഷ്ണൻ, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ സജീവ് ബാലകൃഷ്ണൻ, ഡി.വൈ.എഫ്.ഐ. തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും സഹായം നൽകാൻ സന്നദ്ധരായിട്ടുണ്ട്.
കെ.പി.നന്പൂതിരീസ് ഒരുലക്ഷം നൽകും
: പെട്ടി ഓട്ടോ അഭയമാക്കിയ നസീറിന്റെ കുടുംബത്തിന് തൃശ്ശൂർ കെ.പി.നമ്പൂതിരീസ് ആയുർവേദിക്സ് മാനേജിങ് ഡയറക്ടർ കെ.ഭവദാസൻ ഒരുലക്ഷം രൂപ സഹായവാഗ്ദാനം ചെയ്തു. സഹായം തിങ്കളാഴ്ച കൈമാറും.
