
സോഷ്യലിസ്റ്റ് നേതാവും സമാജ്‍വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് നിര്യാണം. 1989ലും 1993ലും 2003ലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം ഇന്ത്യന്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞ എഴുപതുകളില്‍ റാംമനോഹര്‍ ലോഹ്യയുടെ അനുയായിയായാണ് രാഷ്ട്രീയത്തിലെത്തിയത്. യുപിയിലെ സോഷ്യലിസ്റ്റ് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന മുലായം സിങ് അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലില്‍ കഴിഞ്ഞു. എട്ടുതവണ നിയമസഭാംഗവും ഏഴുതവണ ലോക്സഭാംഗവുമായി. പിന്നാക്ക രാഷ്ട്രീയത്തിന്റെ നേതാവായി സ്വയം അവരോധിച്ച മുലായത്തിന് യുപി രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയത് 1990ല്‍ അയോധ്യയില്‍ കര്‍സേവകരെ നേരിടാന്‍ പൊലീസിന് കര്‍ശനനിര്‍ദേശം നല്‍കിയതുമുതലാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ വക്താവായി നിലയുറപ്പിച്ച മുലായം 1996ല്‍ ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായി. പ്രധാനമന്ത്രിക്കസേരയ്ക്ക് തൊട്ടരികില്‍ വരെ എത്തിയെങ്കിലും മുന്നണി രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതകള്‍ കാരണം മാറിനില്‍ക്കേണ്ടിവന്നു. യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പ്രതീക് യാദവുമാണ് മക്കള്‍. മുലായത്തിന്റെ വേര്‍പാട് തികച്ചും വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
