
ബോട്ടിൽ ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ശ്രീലങ്കൻ സേനയുടെ വെടിവയ്പ്പിനെ തുടർന്ന് കടലിൽ ചാടിയ യുവാവ് നീന്തി ധനുഷ്കോടിയിൽ എത്തി. ശ്രീലങ്കയിലെ മാന്നാർ സ്വദേശിയായ ഹസൻ ഖാനാണ് 13 കിലോമീറ്റർ നീന്തി ഇന്ത്യയിലെത്തിയത്.
കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഹസന്റേയും കുടുംബത്തിന്റെയും പദ്ധതി. എന്നാൽ ബോട്ടിന് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തതോടെ ഹസൻ ഭയന്ന് കടലിൽ ചാടി. കുടുംബാംഗങ്ങൾ ബോട്ടിൽ തന്നെ ഇന്ത്യയിൽ എത്തുകയും ചെയ്തു. ഞായറാഴ്ചയാണ് കടലിൽ നീന്തി വരുന്ന ഹസനെ മൽസ്യത്തൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് കരയിലെത്തിച്ച് വേണ്ട പരിചരണം നൽകുകയായിരുന്നു. നൂറ്റിഎഴുപത്തിയഞ്ചോളം പേരാണ് ഇതിനകം ശ്രീലങ്കയിൽ നിന്ന് അഭയം തേടി ഇന്ത്യയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.
