
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇരട്ട നരബലി വെളിപ്പെട്ടത് കടവന്ത്രയിൽ താമസിക്കുന്ന ലോട്ടറി വിൽപ്പന തൊഴിലാളിയായ പത്മത്തെ കണ്ടെത്താനുള്ള അന്വേഷണത്തിൽ. കടവന്ത്ര സ്വദേശിയായ പത്മത്തെ (52) സെപ്റ്റംബറിലാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇവരെ കണ്ടെത്താനുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയതും കാലടിയിൽ തമാസിക്കുന്ന റോസ്ലിൻ (50) എന്ന സ്ത്രീയെ കൂടി കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതും.
സ്ത്രീകളെ നരബലിക്കായി കൊച്ചിയിൽ നിന്ന് എത്തിച്ച ഷാഫി എന്ന മുഹമ്മദ് ഷിഹാബ് തന്നെയാണ് ദമ്പതികളായ ഭഗവൽസിങ്-ലൈല ദമ്പതികളെ നരബലി നടത്തിയാൽ ഐശ്വര്യമുണ്ടാകുമെന്നും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും വിശ്വസിപ്പിച്ചത്. ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ടാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെട്ടത്. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഷിഹാബ് ഇവരിൽനിന്നും പണം കൈക്കലാക്കി.
ജൂണിൽ റോസ്ലിനെയും സെപ്റ്റംബറിൽ പത്മത്തെയും ഭഗവൽസിങ്-ലൈല ദമ്പതികൾ താമസിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂർ കുഴിക്കാലയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഇരകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന വിവരം.
മൃതദേഹങ്ങൾ കണ്ടെത്താനായി പൊലീസ് സംഘം കുഴിക്കാലയിൽ പരിശോധന നടത്തുകയാണ്. കൂടുതൽ സ്ത്രീകളെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണമേഖല ഐ.ജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
