റോസ്‌ലിനെ കെട്ടിയിട്ടു; ചുറ്റിക കൊണ്ട് തലക്കടിച്ചു; കഴുത്തിൽ കത്തി കുത്തിയിറക്കി; അതിക്രൂരം

ചിന്തിക്കാൻ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികൾ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. ഇലന്തൂരിൽ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണ് പൊലീസിന്റെ വിശദീകരണം.

ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കിയാണ് മുഹമ്മദ് ഷാഫി, ഭഗവൽ സിങിനെ വലയിലാക്കുന്നത് . ചുരുങ്ങിയ സമയം കൊണ്ട് ഭഗവൽസിങിന്റെ വിശ്വാസം നേടിയെടുത്ത ഇയാൾ സമ്പദ് സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും വിശ്വസിപ്പിച്ചു. ഭഗവൽ സിങ്ങിന്റെ വീട്ടിൽ റഷീദ് എന്ന സിദ്ധന്റെ പേരിൽ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിങ്ങിന്റെ പങ്കാളിയെ ദുരുപയോഗം ചെയ്തതായും പറയുന്നു. പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദേശം. ഇത് അംഗീകരിച്ച ദമ്പതികൾ ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏൽപിക്കുകയായിരുന്നു. അങ്ങനെയാണ് റോസ്‌ലിനെയും പത്മത്തെയും ഇയാൾ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുന്നത്.

അശ്ശീല സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും, പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു പത്മത്തിനും, റോസ്‌ലിനും മുഹമ്മദ് ഷാഫി നൽകിയ വാഗ്ദാനം. നിത്യവൃത്തിക്ക് ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവർ പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുകയായിരുന്നു. ആദ്യം റോസ്‌ലിനെയാണ് എത്തിച്ചത്. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടിൽ എത്തിച്ച ശേഷം സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് ഭഗവൽസിങ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചു. തുടർന്ന് മാതൃ അവയവങ്ങൾ അറുത്തുമാറ്റി. രക്തം വാർന്നു പോയശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ലൈലയാണ് കത്തി കുത്തിയിറക്കിയതെന്നാണ് വിവരം. ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ. രാത്രി മുഴുവൻ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സമാനമായ രീതിയിൽ തന്നെയാണ് പത്മത്തെയും കൊലപ്പെടുത്തിയത്. ശാപത്തിന്റെ ശക്തി മൂലം ആദ്യ പൂജ പരാജയപ്പെട്ടെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച ശേഷമാണ് പത്മത്തെ ഷാഫി കൊണ്ടുവന്നത്.

റോസ്‌ലിനെ കെട്ടിയിട്ടു; ചുറ്റിക കൊണ്ട് തലക്കടിച്ചു; കഴുത്തിൽ കത്തി കുത്തിയിറക്കി; അതിക്രൂരം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes