കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയെന്ന് വിശ്വാസം; ‘ശക്തി’ നേടാൻ ജീവനോടെ കുഴിച്ചുമൂടിയ അരുംകൊല

കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലിക്ക് സമാനമായ മറ്റൊരു കേസ് ഇതിന് മുൻപും അരങ്ങേറിയിട്ടുണ്ട്. 2018 ജൂലൈയിൽ ഇടുക്കി കമ്പക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നത് സമാനതകളില്ലാത്ത ക്രുരതയായിരുന്നു. തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെയും വില്ലൻ ദുർമന്ത്രവാദം തന്നെയായിരന്നു.

2018 ജൂലൈ 29നാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേർന്നു കൊലപ്പെടുത്തുന്നത്. രണ്ടുവർഷത്തോളം കൃഷ്ണനൊപ്പംനിന്നു പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാൾ സ്വന്തം നിലയ്ക്കു പൂജകൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഇവയൊന്നും വേണ്ടത്ര വിജയിച്ചില്ല. കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതിനാലാണ് ഇതെന്ന് അനീഷ് കരുതി. ഈ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു അനീഷിനെ പ്രേരിപ്പിച്ചത്. ആറു മാസം മുൻപുതന്നെ ഇതിനായുള്ള പദ്ധതി അനീഷ് തയാറാക്കി. എന്നാൽ ലിബീഷ് സഹകരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് അന്നിതു നടക്കാതെ പോയത്.

കൃഷ്ണനെ കൊന്നാൽ അദ്ദേഹത്തിന്റെ ശക്തികൂടി തനിക്കു കിട്ടുമെന്നായിരുന്നു അനീഷിന്റെ വിശ്വാസം. 300 മൂർത്തികളുടെ ശക്തിയാണു കൃഷ്ണനുണ്ടായിരുന്നതെന്നായിരുന്നു വിശ്വാസം. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും മന്ത്രവാദത്തിനുള്ള ചില താളിയോലകളും മോഷ്ടിക്കാമെന്നും അനീഷ് കണക്കുകൂട്ടി. പതിനഞ്ചു വർഷം പരിചയമുള്ള ലിബീഷിനൊപ്പം ചേർന്ന് ഇതിനായി വ്യക്തമായ പദ്ധതി തയാറാക്കി. അടിമാലിയിലെ ഒരു കുഴൽക്കിണർ കമ്പനിയിൽ ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നു. സ്വർണവും പണവും നൽകാമെന്നു പറഞ്ഞാണു ലിബീഷിനെ ഒപ്പം കൂട്ടിയത്.

രാത്രി 12ന് കൃഷ്ണൻ വളർത്തിയിരുന്ന രണ്ട് ആടുകളെ തല്ലി കരയിപ്പിച്ചാണ് അനീഷും ലിബീഷും കൃഷ്ണനെ വീടിനു പുറത്തിറക്കിയത്. അതിനുശേഷം ഷോക്ക് അബ്സോർബർ പൈപ്പു കൊണ്ടു തലയ്ക്കടിച്ചും കുത്തിയും കൊല നടത്തി. തുടർന്നു മൃതദേഹങ്ങൾ വീടിനുള്ളിലെ മുറിക്കുള്ളിൽ സൂക്ഷിച്ചു. ഈ സമയം കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. പിറ്റേന്നു രാത്രി എത്തിയപ്പോൾ ഇരുവർക്കും ജീവനുണ്ടെന്നു കണ്ടതിനെത്തുടർന്നു ചുറ്റികയും കത്തിയും തൂമ്പയും ഉപയോഗിച്ച് ഇവരുടെ തലയ്ക്കടിച്ച ശേഷം കൃഷ്ണനെയും അർജുനെയും കുഴിയിൽ വച്ചു. കുഴിയിൽ വയ്ക്കുമ്പോഴും ഇരുവർക്കും ജീവനുണ്ടായിരുന്നുവെന്നും തൂമ്പയുടെ കൈകൊണ്ട് അനീഷ് ഇവരെ വീണ്ടും തലയ്ക്കടിച്ചതായും ലിബീഷ് മൊഴി നൽകി.

കൂട്ടക്കൊല കേസിൽ നിർണായകമായത് പ്രത്യേക ‘സ്പെക്ട്ര’ സംവിധാനം ഉപയോഗിച്ച് പ്രദേശത്തു നിന്നുള്ള ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ്. കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ച സംഘം കഴിഞ്ഞ ആറുമാസക്കാലയളവിലെ ഫോൺവിളികളുടെ വിശദാംശങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇതിൽനിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടർന്ന് അതിനും ആറു മാസം മുൻപുള്ള വിളികൾ പരിശോധിച്ചു.

ഈ കാലയളവിൽ ഒരാൾ സ്ഥിരമായി കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. അനീഷിന്റെ നമ്പറാണ് ഇതെന്നും വ്യക്തമായി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുൻപുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി. ഇതോടെയാണ് അന്വേഷണം അനീഷിൽ കേന്ദ്രീകരിച്ചത്.

അന്ധവിശ്വാസത്തിന്റെ പേരിലുള്ള ക്രൂരകൊലയുടെ പുതിയ ഇരയാണ് തിരുവല്ലയിൽ ദാരുണമായി കൊല്ലപ്പെട്ട രണ്ട് യുവതികളും. പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും കമ്മിഷണർ പറഞ്ഞു.

കൊല്ലപ്പെട്ട പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മത്തിന് പത്തു ലക്ഷം രൂപ നൽകാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടിൽ എത്തിച്ച ശേഷം കൈകാലുകൾ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാർന്നുശേഷം കഴുത്തിൽ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നതെന്നും അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.

കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയെന്ന് വിശ്വാസം; ‘ശക്തി’ നേടാൻ ജീവനോടെ കുഴിച്ചുമൂടിയ അരുംകൊല

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes