
സയദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും തന്ത്രങ്ങള്‍ എതിരാളികള്‍ക്ക് വലിയ തലവേദനയാകുന്നു. ഓരോ കളിയിലും ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് തീരെ അപ്രതീക്ഷിതമായ ബൗളര്‍മാരാകും. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഉള്‍പ്പെടെ കേരളം ഇതുവരെ കളിച്ചത് നാലു മല്‍സരങ്ങള്‍. നാലിലും ബൗളിംഗ് ഓപ്പണ്‍ ചെയ്തത് 4 വ്യത്യസ്ത ബൗളര്‍മാരും.
ആദ്യ മല്‍സരത്തില്‍ കേരളം ഉപയോഗിച്ചത് പേസര്‍ ബേസില്‍ തമ്പിയെയായിരുന്നു. അരുണാചലിനെതിരായ ഈ മല്‍സരം 10 വിക്കറ്റിന് കേരളം ജയിച്ചു. രണ്ടാം മല്‍സരത്തില്‍ എതിരാളികളായെത്തിയത് ശക്തരായ കര്‍ണാടക. അന്ന് ഐപിഎല്‍ താരങ്ങളടങ്ങിയ കര്‍ണാടകയെ നേരിട്ടത് അരങ്ങേറ്റ ടൂര്‍ണമെന്റ് കളിക്കുന്ന സ്പിന്നര്‍ വൈശാഖ് ചന്ദ്രനെ വച്ചായിരുന്നു. തന്ത്രം സൂപ്പര്‍ഹിറ്റായി. നാലാം പന്തില്‍ തന്നെ മയങ്ക് അഗര്‍വാളിനെ വീഴ്ത്തി വൈശാഖ് സ്വപ്‌നതുല്യ തുടക്കവും നല്‍കി. ആ മല്‍സരത്തില്‍ 4 ഓവറില്‍ 11 റണ്‍സ് വഴങ്ങി വൈശാഖ് 4 വിക്കറ്റും വീഴ്ത്തി.
മൂന്നാം മല്‍സരത്തില്‍ ഹരിയാനയ്‌ക്കെതിരേ പാര്‍ട്ട് ടൈം സ്പിന്നറായ അബ്ദുള്‍ ബാസിതിനെയാണ് സഞ്ജു പന്തേല്‍പ്പിച്ചത്. ഇത്തവണയും തെറ്റിയില്ല. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി ബാസിത് തന്ത്രത്തിന് കരുത്തേകി. സര്‍വീസസിനെതിരായ നാലാം മല്‍സരത്തില്‍ സ്പിന്നര്‍ സിജോമോന്‍ ജോസഫായിരുന്നു പുതിയ ദൗത്യക്കാരന്‍. ആ തന്ത്രവും ക്ലിക്കായി. അടുത്ത മല്‍സരത്തില്‍ ആരാകും ബൗളിംഗ് ഓപ്പണ്‍ ചെയ്യുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
