ഛണ്ഡീഗഢ്: ബാസ്‌കറ്റ് ബോൾ പരിശീലനത്തിനിടെ തൂൺ ദേഹത്ത് വീണ് ദേശീയതല താരമായ കൗമാരക്കാരന് ദാരുണാന്ത്യം. ഹരിയാന റോഹ്തക്കിലെ ലഖാൻ മജ്‌റ ബാസ്‌കറ്റ് ബോൾ കോർട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. 16കാരനായ ഹാർദിക്കാണ് മരിച്ചത്. കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുകയായിരുന്നു ഹാർദിക്. ഒരു തവണ ബോൾ കൃത്യമായി ഇട്ട ശേഷം രണ്ടാമത്തെ ശ്രമത്തിനായി തൂൺ നിൽക്കുന്ന അർധ വൃത്തഭാഗത്ത് നിന്ന് ബാസ്‌കറ്റിൽ തൊട്ടതോടെ പെട്ടെന്ന് തൂൺ മറിയുകയും അതിന്റെ മുകൾഭാഗം ഹാർദിക്കിന്റെ നെഞ്ചിലേക്ക് പതിക്കുകയുമായിരുന്നു. ഈ സമയം കോർട്ടിന് പുറത്ത് നിൽക്കുകയായിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി തൂൺ കുട്ടിയുടെ ദേഹത്തുനിന്ന് എടുത്തുമാറ്റിയെങ്കിലും അപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹാർദിക് അടുത്തിടെയാണ് പരിശീലന ക്യാംപിൽ നിന്ന് തിരിച്ചെത്തിയതെന്ന് അയൽവാസികൾ പറഞ്ഞു. അച്ഛൻ സന്ദീപ് രതി, ഹാർദിക്കിനെയും ഇളയ സഹോദരനെയും വീടിനടുത്തുള്ള ഒരു സ്‌പോർട്‌സ് ക്ലബ്ബിൽ ചേർത്താണ് ബാസ്‌കറ്റ് ബോൾ പഠിപ്പിച്ചത്. അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഹാർദിക്കിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായും മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. തൂണിന്റെ ഉറപ്പില്ലായ്മയാണ് അപകടത്തിന് കാരണമായത്.കങ്ക്രയിൽ നടന്ന 47ാമത് സബ് ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പ്, ഹൈദരാബാദിൽ നടന്ന 49ാമത് സബ് ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പ്, പുതുച്ചേരിയിൽ നടന്ന 39ാമത് യൂത്ത് നാഷനൽ ചാമ്പ്യൻഷിപ്പ് എന്നിവയടക്കം നിരവധി ദേശീയ ടൂർണമെന്റുകളിൽ മെഡലുകൾ നേടിയിട്ടുള്ള താരമാണ് ഹാർദിക്കെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷം മുമ്പ് ബഹാദുർഗിലലെ ഹോഷിയാർ സിങ് സ്‌പോർട്‌സ് സ്റ്റേഡിയത്തിലും സമാന അപകടം റിപ്പോർട്ട് ചെയ്തിരുന്നു. പരിശീലനത്തിനിടെ വൈകീട്ട് 3.30യോടെ ബാസ്‌കറ്റ് ബോൾ തൂൺ മറിഞ്ഞുവീണ് 15കാരനായ താരത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.


