Site icon Newskerala

ഹരിയാനയിൽ പതിനേഴുകാരിക്കു നേരെ സഹപാഠി വെടിയുതിർത്തു; ഗുരുതര പരിക്ക്

ഹരിയാന: ഫരീദാബാദിൽ പതിനേഴുകാരിക്കു നേരെ സഹപാഠി വെടിയുതിർത്തു. തോളിൽ വെടിയുണ്ട തറച്ച പെൺകുട്ടി ഗുരുതര പരിക്കുക​ളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്യാം കോളനിയിൽ താമസിക്കുന്ന കനിഷ്‍ക എന്ന പതിനേഴ്കാരിക്കാണ് വെടിയേറ്റത്. ഇവരുടെ കൂടെ കോച്ചിങ് സെന്ററിൽ പഠിക്കുന്ന ജതിൻ മംഗ്ല എന്നയാളാണ് വെടിയുതിർത്തത്. ക്ലാസ് കഴിഞ്ഞ് വരുന്ന പെൺകുട്ടിയെ കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു ജതിൻ. അതേസമയം കൂട്ടുകാരികൾക്കൊപ്പം നടന്ന് വരികയായിരുന്ന കനിഷ്‍കയുടെ അടുത്ത് ചെന്ന പ്രതി രണ്ട് തവണ തുടരെ വെടിവെക്കുകയായിരുന്നു​. നെഞ്ചിലേക്ക് വെടിയുതിർക്കാനാണ് ജതിൻ ശ്രമിച്ചതെന്നും കനിഷ്ക കൈ വെച്ച് തടഞ്ഞതു കൊണ്ട് ബുള്ളറ്റ് തോളിൽ പതിക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. പെൺകുട്ടിയുടെ ദിനചര്യ കൃത്യമായി അറിയാവുന്ന ജതിൻ മുൻകൂട്ടി ആസൂത്രണം ചെയ്താണ് ആക്രമിച്ചത്. കനിഷ്‍കയെ പിന്തുടർന്ന ജതിൻ കുട്ടിയുടെ തോളിലും വയറിലും വെടിവെക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കനിഷ്‍കയെ വീടിന്റെ തൊട്ടടുത്ത് വെച്ചാണ് ആക്രമിച്ചത്. വെടിയുതിർത്ത ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വെടിയുതിർക്കാൻ അക്രമി ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. ജതിൻ സ്വയം നിർമിച്ച തോക്കാണ് ഇതിനുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ജതിൻ തുടർച്ചയായി പെൺകുട്ടിയെ പിന്തുടർന്നിരുന്നു. തുടർന്ന് ജതി​ന്റെ വീട്ടുകാരുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു. ഇനി ആവർത്തിക്കില്ല എന്ന് ജതിന്റെ മാതാവ് ഉറപ്പിലാണ് പൊലീസിൽ പരാതി​ നൽകാതിരുന്നതെന്ന് ​കനിഷ്‍കയുടെ ബന്ധുക്കൾ അറിയിച്ചു.

Exit mobile version