ലഖ്നൗ: ഉത്തർപ്രദേശിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവാവ് അറസ്റ്റിൽ. ഏറ്റാ ജില്ലയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം. 28കാരനായ യുവാവാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അർധനഗ്ന നിലയിലുള്ള മൃതദേഹമാണ് അഴുക്കുചാലിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചതാണെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പെൺകുട്ടിയുടെ തന്നെ ഗ്രാമത്തിൽ താമസിക്കുന്നയാളാണ് പ്രതി. വിറകുകെട്ട് കൊണ്ടുപോകാൻ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ ഒരു കടുക് പാടത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് എസ്എസ്പി പറഞ്ഞു. പെൺകുട്ടി എതിർത്തപ്പോൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും നിയമനടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.


