എടിഎം കാര്‍ഡെടുക്കാന്‍ മറന്നോ; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇങ്ങനെയും ചില വഴിയുണ്ട്

പണം കയ്യിൽ കൊണ്ട് നടക്കേണ്ട എന്ന സൗകര്യമാണ് എടിഎമ്മും ഡെബിറ്റ് കാർഡും യുപിഐയും നൽകുന്നത്. വലിയ തുകയുടെ ഇടപാടുകൾക്ക് ചെക്കുകൾ നൽകിയിരുന്ന കാലത്ത് നിന്ന് എടിഎം വഴി പണം പിൻവലിച്ചു നൽകുന്നിടത്തേക്ക് എത്തി. ഇതിന് ശേഷമാണ് പണം ഡിജിറ്റലായി കൊണ്ടു നടന്ന കൈമാറുന്ന യുപിഐ സേവനങ്ങളെത്തിയത്.

ഡെബിറ്റ് കാർഡ് സുരക്ഷിതമായി കൊണ്ടു നടക്കേണ്ടതും പിൻ നമ്പർ മറന്നു പോകുന്നതും എക്കാലത്തും എടിഎം ഇടപാടുകളുടെ പ്രതിസന്ധിയായിരുന്നു. കാർഡ് എടുക്കാൻ മറന്ന് എടിഎം കൗണ്ടറിന് മുന്നിൽ പോസ്റ്റായ അവസ്ഥയും പലർക്കമുണ്ടാകും. ഇതിനൊരു പരിഹാരമാണ് പുതിയ സംവിധാനം.

കാർഡ്‍ലെസ് ക്യാഷ് വിത്ത്ഡ്രോവൽ

എടിഎമ്മുകള്‍ ഇന്ററോപ്പറബിള്‍ കാര്‍ഡ്‍ലെസ് ക്യാഷ് വിത്ത്‌ഡ്രോവല്‍ സിസ്റ്റത്തിലേക്ക് (ഐസിസിഡബ്ലു) മാറിയതോടെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഇന്നത്തെ കാലത്ത് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. ഐസിസിഡബ്ലു സംവിധാനം വഴി എടിഎമ്മുകളില്‍ നിന്ന് യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം.

പണം പിന്‍വലിക്കാനായി ഇനി ഡെബിറ്റ് കാര്‍ഡുകള്‍ കരുതേണ്ടെന്ന് സാരം. കാര്‍ഡ് നഷ്ടപ്പെടുക, തെറ്റായ പിന്‍ നമ്പര്‍ വഴി ഇടപാട് നടക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് സൗകര്യപ്പെടും.

നേട്ടങ്ങൾ / പോരായ്മകൾ

ഇന്നത്തെ കാലത്ത് കാര്‍ഡ്‌ലൈസ് വിത്ത്‌ഡ്രോവല്‍ വഴി എടിഎം ഉപയോ​ഗിക്കാൻ സാധിക്കും. രാജ്യം മുഴുവന്‍ 24 മണിക്കൂറും ഈ സൗകര്യം ലഭ്യമാകുമെന്നതിനാല്‍ പണം പിന്‍വലിക്കാന്‍ ഇനി കാര്‍ഡ് കൈവശം കൊണ്ട് നടക്കേണ്ടതില്ല. മൊബൈല്‍ പിന്‍ ഉപയോഗിച്ചാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക എന്നതിനാല്‍ ഉയര്‍ന്ന സുരക്ഷിതത്വം ഇതിനുണ്ട്.

എടിഎം വഴി പണം യുപിഐ ഉപയോഗിച്ച് പിന്‍വലിക്കുന്നതിന് നിലവിൽ പരിധിയുണ്ട്. 5,000 രൂപയാണ് ദിവസത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുക. ചില ബാങ്കുകള്‍ 10,000 രൂപ വരെ പിൻവലിക്കാൻ അവസരം നൽകുന്നുണ്ട്. മറ്റൊരു പ്രധാന പോരായ്മ ഈ സാങ്കേതിക വിദ്യയുള്ള എടിഎമ്മുകളുടെ കുറവാണ്.

നിലവില്‍ ചില ബാങ്കുകള്‍ മാത്രമാണ് ഐസിസിഡബ്ലു ഉപയോഗിച്ച് യുപിഐ വഴി പണം പിന്‍വലിക്കാന്‍ സൗകര്യം നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകൾ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്.

ഡെബിറ്റ് കാർഡുകൾ തുടർന്നും ലഭിക്കും

ഉപഭോക്താക്കൾക്ക് കാര്‍ഡ് കയ്യില്‍ കരുതുകയോ എടിഎം പിന്‍ അറിയാതെയും പണം പിന്‍വലിക്കാനുള്ള സൗകര്യമാണിത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഐസിസിഡബ്യു സൗകര്യം കൊണ്ടു വന്നത്. 2016-ല്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ യുപിഐ അവകരിപ്പിച്ചത് മുതല്‍ രാജ്യത്ത് ഡിജിറ്റല്‍ പെയ്‌മെന്‌റ് വലിയ മുന്നേറ്റമാണ് നടക്കുന്നത്.

യുപിഐ ഉപയോ​ഗിച്ച് എടിഎം വഴി പണം പിൻവലിച്ചാൽ അധിക നിരക്കൊന്നും ഈടാക്കുന്നില്ല. ഇതോടൊപ്പം പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ ഡെബിറ്റ് കാര്‍ഡ് ഉപയോ​ഗിച്ചുള്ള പണം പിൻവലിക്കലുകൾ നിര്‍ത്തലാക്കില്ല.

എങ്ങനെ പണം പിൻവലിക്കാം

എടിഎമ്മില്‍ യുപിഐ വഴി പണം പിന്‍വലിക്കാന്‍ യുപിഐ സര്‍വീസ് ലഭിക്കുന്ന എടിഎം ആവശ്യമാണ്. ഇതിനൊപ്പം മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യവും യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ആപ്പും ആവശ്യമാണ്. ജിപേ, ഫോണ്‍പേ, ഭീം ആപ്പ് തുടങ്ങിയവ ഉപയോ​ഗിക്കാം. തുടർന്നുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • എടിഎമ്മില്‍ നിന്ന്’പണം പിന്‍വലിക്കല്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • എടിഎം സ്‌ക്രീനില്‍ തെ‌ളിയുന്ന യുപിഐ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം.
  • ഇതോടെ എടിഎം സ്‌ക്രീനില്‍ ക്യൂആര്‍ കോഡ് തെളിയും.
  • മൊബൈലിലെ യുപിഐ ആപ്പ് ഉപയോഗിച്ച് ഈ കോഡ് സ്‌കാന്‍ ചെയ്ത് ആക്ടിവേറ്റ് ചെയ്യുക.
  • ശേഷം സ്‌കീനില്‍ പിന്‍വലിക്കേണ്ട തുക രേഖപ്പെടുത്തണം. 5,000 രൂപ വരെ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
  • പണം പിന്‍വലിക്കാനായി യുപിഐ പിന്‍ നമ്പര്‍ നല്‍കുന്നതോടെ എടിഎം പണം നൽകും.
എടിഎം കാര്‍ഡെടുക്കാന്‍ മറന്നോ; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇങ്ങനെയും ചില വഴിയുണ്ട്

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes