Site icon Newskerala

ബസും ട്രക്കും ഉള്‍പ്പെടെ 20 വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാം; ഹൈവേകളില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നു

ഒരേസമയം ട്രക്ക്, ബസ് ഉള്‍പ്പെടെയുള്ള 20 വാഹനങ്ങള്‍ അതിവേഗം ചാര്‍ജ് ചെയ്യാവുന്നവിധം സംസ്ഥാനത്ത് 12 വൈദ്യുതി ഹബ്ബുകള്‍ വരുന്നു. ഹൈവേകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത് കെഎസ്ഇബിയെയാണ്.
ചാര്‍ജിങ് സ്റ്റേഷനുകളുടെ വികസനത്തിന് 155 കോടി രൂപയുടെ പദ്ധതിയാണ് കെഎസ്ഇബി സമര്‍പ്പിച്ചിട്ടുള്ളത്. 130 അത്യാധുനിക ചാര്‍ജിങ് സ്റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നൂറ് ശതമാനം കേന്ദ്ര സഹായധനം ലഭ്യമാക്കുന്ന പദ്ധതിയില്‍ ആദ്യ പരിഗണന വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ക്കാണ്
പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. നിലവില്‍ പല ചാര്‍ജിങ് സ്റ്റേഷനുകളും 60 കിലോവാട്ടാണ്. ഇത് 240 കിലോവാട്ടായി ഉയര്‍ത്തും. ചാര്‍ജിങ് സ്റ്റേഷനുകളുടെ സാങ്കേതികമായ നവീകരണവും നടക്കും.

സ്ഥാപിച്ച് മൂന്നുവര്‍ഷം പിന്നിട്ടിട്ടും കെഎസ്ഇബി സബ്സ്റ്റേഷനോടു ചേര്‍ന്ന വടക്കഞ്ചേരി ചാര്‍ജിങ് സ്റ്റേഷന്‍ ഇതുവരെ പ്രയോജനപ്പെട്ടില്ല. കെഎസ്ഇബിയുടെ പുതിയ ചാര്‍ജിങ് ശൃംഖലയുടെ വികസനത്തില്‍ ഇതുപോലുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ജീവന്‍വയ്ക്കും.

Exit mobile version