മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ കനത്ത മഴയിലാണ് കോഴികൾ ചത്തത്. കലക്കൻ പുഴ നിറഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് സമീപത്തെ കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം, ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാൽ ഏതു സാഹചര്യവും നേരിടാൻ തയാറാകണമെന്ന് വിവിധ വകുപ്പുകൾക്ക് നിർദേശം. ജില്ലയിലെ അഡ്വഞ്ചർ ടൂറിസത്തിന് നിരോധനമേർപ്പെടുത്തി. അതിശക്തമായ മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. കല്ലാറിൽ കനത്ത മഴയിൽ ഒലിച്ചുപോയ ടെമ്പോ ട്രാവലർ കണ്ടെത്തി. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കാസർകോട് മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. ഇന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ്. തെക്ക്- വടക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. ഈ ന്യൂനമർദം വടക്കുപടിഞ്ഞാറിലേക്ക് സഞ്ചരിച്ച് അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. 21ഓടെ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദവും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്തയാഴ്ചയും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കൊപ്പം മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൂടാതെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ഡാമുകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നു. അസാധാരണ സാഹചര്യമാണ് മുല്ലപ്പെരിയാറിലേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വൃഷ്ടിപ്രദേശങ്ങളിൽ മഴ നിലച്ചെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല.
