108 ആംബുലൻസുകളുടെ 24 മണിക്കൂർ പ്രവർത്തി സമയം വെട്ടി ചുരുക്കി:ഇനി മുതൽ 12 മണിക്കൂർ സേവനം - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

108 ആംബുലൻസുകളുടെ 24 മണിക്കൂർ പ്രവർത്തി സമയം വെട്ടി ചുരുക്കി:ഇനി മുതൽ 12 മണിക്കൂർ സേവനം
എറണാകുളം :കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ്, ഒമിക്രോൺ കേസുകൾ 12,742 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിനിടെ 108 ആംബുലൻസുകളുടെ പ്രവർത്തന സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചു. കൊവിഡ് മൂന്നാം തരംഗം നേരിടാൻ കര്‍ശനമായ നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നതിനിടെയാണ് 
ഒമിക്രോൺ, കൊവിഡ് രോഗികളുടെ ചികിത്സയ്ക്കും, പരിശോധനകൾക്കും മറ്റും ഉപയോഗിക്കുന്നതടക്കമുള്ള 108 ആംബുലൻസുകളുടെ സേവനം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചത്. ഉത്തരവ് വന്നതോടെ 316 ആംബുലന്‍സില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം അടയും. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് പുറത്തിറക്കിയത്.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ 12 മണിക്കൂറിൽ നിന്ന് 24 മണിക്കൂർ സേവനം ഉയർത്തിയ 159 ആംബുലൻസുകളുടെ സമയമാണ് വെട്ടിക്കുറച്ചത്.  ഇതോടെ ആകെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന 316 എണ്ണം 108 ആംബുലൻസുകളിൽ 165 ആംബുലൻസുകളുടെ സേവനം ഇന്നലെ (12.1.'22) രാത്രി മുതൽ 12 മണിക്കൂറായി വെട്ടിക്കുറച്ചു. ഇവയുടെ സേവനം ഇനി മുതൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ മാത്രമായിരിക്കും പൊതുജനത്തിന് ലഭിക്കുന്നത്. 

ഇത് നിലവിലെ  ഒമിക്രോൺ കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകൾക്കും ബാധകമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിത്.  ഇതിന് പിന്നാലെ രോഗബാധിതരായവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും വിമാനത്താവളത്തിൽ എത്തുന്ന ഒമിക്രോൺ/ഡെല്‍റ്റാ രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതോടെ തടസപ്പെട്ടു. രോഗലക്ഷണങ്ങളുള്ളവരുടെ ക്വാറന്‍റീന്‍ വൈകുന്നതോടെ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിന് കാരണമാകും. ഇത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ തന്നെ തകരാറിലാക്കാനും സാധ്യതയുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

ഒപ്പം കോവിഡിന്‍റെ പ്രാരംഭനാൾ മുതൽ 108 ആംബുലൻസിൽ ജോലിയിൽ പ്രവേശിച്ച നൂറോളം ഡ്രൈവർമാരുടെയും നേഴ്സുമാരുടെയും തൊഴിലും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആംബുലൻസുകളുടെ സമയക്രമം വെട്ടിച്ചുരുക്കിയത്തോടെ ഇവർക്ക് തൊഴിൽ നഷ്ടമാകുന്ന അവസ്ഥയാണ്. ഇത് സംബന്ധിച്ച് കരാർ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി അധികൃതരോട് ആരാഞ്ഞെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു. ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരമാണ് കോവിഡ് വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ 12 മണിക്കൂറില്‍ നിന്ന് 24 മണിക്കൂറായി 108 ആംബുലന്‍സുകളുടെ സേവനം ഉയര്‍ത്തിയത്. കൊവിഡ് വ്യാപനം കുറഞ്ഞിരുന്ന കഴിഞ്ഞ മാസങ്ങളില്‍ പോലും 108 ആംബുലന്‍സുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കൊവിഡ് വകഭേദങ്ങളായ ഡല്‍റ്റ, ഒമിക്രോണ്‍ രോഗാണുക്കളുടെ വ്യാപനം വീണ്ടും രേഖപ്പെടുത്തിയ ഈhttps://chat.whatsapp.com/BtV40ZzlBwlEiKEVww8aB3 സമയത്ത് തന്നെ 108 ആംബുലന്‍സുകളുടെ സേവനം 12 മണിക്കൂറായി കുറച്ചത് കൊവിഡ് പ്രതിരോധത്തെ തന്നെ തകിടം മറിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരമാണ് 108 ആംബുലൻസുകളുടെ സമയക്രം 12 മണിക്കൂറാക്കി നിജപ്പെടുത്തിയതെന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ അധികൃതർ വ്യക്തമാക്കുന്നു.No comments