പുകയുന്ന ദുരൂഹത; നിശബ്ദ കൊലയാളി; പൊലിഞ്ഞത് 1746 ജീവനുകൾ; രാവിൽ സംഭവിച്ചത് ? - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

പുകയുന്ന ദുരൂഹത; നിശബ്ദ കൊലയാളി; പൊലിഞ്ഞത് 1746 ജീവനുകൾ; രാവിൽ സംഭവിച്ചത് ?

 


ചില സമയത്ത് പ്രകൃതി അതിന്റെ ദൗദ്രഭാവം പുറത്തെടുക്കും. മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, കാട്ടുതീ, ഭൂമി കുലുക്കം തുടങ്ങിയവയെല്ലാം പ്രകൃതിയുടെ ക്രൂരമായ ചില ഭാവങ്ങളാണ്. പിടഞ്ഞു വീഴുന്ന ജീവനുകൾ പലപ്പോഴും എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കില്ല. ചില ദുരന്തങ്ങൾ മനുഷ്യനിർമിതം കൂടിയാണ്. 

ചെർണോബിൽ, ഫുക്കുഷിമ, ഭോപ്പാൽ തുടങ്ങിയവ ഉദാഹരണങ്ങൾ ഇന്നും ലോകത്തെ അസ്വസ്ഥമാക്കുന്നു. ഇതിൽ മുൻ പന്തിയിൽ നിൽക്കുന്ന ഒരു പാരിസ്ഥിതിക ദുരന്തമാണ് 1986 ഓഗസ്റ്റ് 21ന് ആഫ്രിക്കയിലെ ന്യോസ് തടാകത്തിൽ സംഭവിച്ചത്. ഇന്നും ലോകത്തിലെ ഏറ്റവും ദുരൂഹമായ പ്രകൃതി ദുരന്തം! 

വടക്കുപടിഞ്ഞാറൻ കാമറൂണിലാണ് ഈ തടാകം. ഒരു അഗ്നിപർവതത്തിനു മുകളിലെ വിള്ളലിൽ നിന്നാണ് തടാകം രൂപംകൊണ്ടത്. ഓഗസ്റ്റ് 21ന് തികച്ചും അപ്രതീക്ഷിതമായി തടാകത്തില്‍നിന്നു വൻതോതിൽ വിഷലിപ്തമായ കാർബൺ ഡയോക്സൈഡ് വാതകം പുറന്തള്ളപ്പെട്ടു. ഏകദേശം 3 ലക്ഷം മുതൽ 16 ലക്ഷം വരെ ടൺ കാർബൺ ഡയോക്സൈഡാണ് ഒറ്റയടിക്ക് പുറത്തെത്തിയതെന്നാണു കരുതുന്നത്. ഇവ ചുറ്റിലും പരന്നതാകട്ടെ അസാധാരണമായ വേഗത്തിലും. മണിക്കൂറിൽ 100 കിലോമീറ്റർ എന്ന കണക്കിനു വേഗത്തിൽ ഈ വിഷവാതകം തടാകത്തിന്റെ പരിസരത്തെ ഗ്രാമപ്രദേശങ്ങളിൽ നിറഞ്ഞു. 

1746 മനുഷ്യരാണ് അന്ന് ഈ വിഷവായു ശ്വസിച്ചു മരിച്ചു വീണത്. 3500ലേറെ കന്നു കാലികളെയും ഈ നിശബ്ദ കൊലയാളി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തടാകത്തിനു ചുറ്റും ഏകദേശം 25 കിലോമീറ്റർ വരെയുള്ള ഭാഗത്താണ് ഈ കാർബൺ ഡയോക്സൈഡ് നിറഞ്ഞത്. ഓക്സിജൻ ഇല്ലാതായതോടെ മനുഷ്യർ പിടഞ്ഞുവീഴുകയായിരുന്നു. രാത്രിയിലായിരുന്നു സംഭവം. പലരും ഉറങ്ങുകയായിരുന്നു. ചാ, ന്യോസ്, സബം തുടങ്ങിയ സമീപ ഗ്രാമങ്ങളിലായിരുന്നു മരണങ്ങളിലേറെയും. ഉറക്കത്തിൽ പലരും ഒന്നുമറിയാതെ മരണത്തെ പുൽകിയപ്പോൾ ചിലരുടെ മൃതദേഹം വായിൽനിന്നും മൂക്കിൽനിന്നും രക്തം വന്ന നിലയിലായിരുന്നു. 

ഏതാനും പേർ മാത്രമാണ് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് പിറ്റേന്ന് കണ്ണു തുറന്ന്. രാത്രിയിൽ ആരെങ്കിലും ആക്രമിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഗ്രാമപ്രദേശത്ത് യാതൊരു പ്രശ്നങ്ങളുമില്ലാത്ത വിധം എല്ലാം ശാന്തമായിരുന്നു. അതിക്രമത്തിന്റെ യാതൊരു ലക്ഷണവുമില്ല. പക്ഷേ മുറ്റത്ത് ചെറുപ്രാണികൾ വരെ ചത്തുവീണിരിക്കുന്നു! ‘എനിക്ക് സംസാരിക്കാനായില്ല. പതിയെ എന്റെ ബോധവും നഷ്ടപ്പെട്ടു തുടങ്ങി. വായ തുറക്കാനാകാത്ത അവസ്ഥ. അതിശക്തമായതെന്തോ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. സീമപത്ത് മകൾ ശ്വാസം കിട്ടാതെ കരയുന്നതും കേട്ടു... പക്ഷേ ഒന്നും ചെയ്യാനായില്ല. എന്റെ കയ്യിൽ ചില മുറിവുകളുണ്ടായിരുന്നു. അവ എങ്ങനെയാണുണ്ടായതെന്നു മാത്രം മനസ്സിലായില്ല. എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ശ്വാസമെടുക്കാനാകുന്നില്ല. അതിനോടകം എന്റെ മകളും മരിച്ചിരുന്നു...പതിയെ ഒന്നും ഓർമയില്ലാതായി...’ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരിലൊരാൾ പിന്നീട് ഗവേഷകരോട് വിശദീകരിച്ചതാണ് ഇക്കാര്യം. 

ഒട്ടേറെ ആരോഗ്യ വിദഗ്ധരും പരിസ്ഥിതി ഗവേഷകരും സംഭവത്തെപ്പറ്റി പഠിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ ആ രാത്രി സംഭവിച്ചതെന്താണ് എന്നതിന് ഇന്നും ഉത്തരം കണ്ടെത്താനായിട്ടില്ല. രാത്രി ഒൻപതോടെ ന്യോസ് തടാകത്തിൽനിന്ന് വൻതോതിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെട്ടതായി തെളിഞ്ഞിരുന്നു. അന്തരീക്ഷ വായുവിനേക്കാൾ കനം കൂടിതിനാൽ ഈ വിഷവാതകം പതിയെ താഴ്‌വരയിലേക്ക് ഇറങ്ങി. പിന്നീട് ചുറ്റും പരന്നു. ഏകദേശം 50 മീറ്റർ കനത്തിൽ അന്തരീക്ഷത്തിൽ ഒരു ‘വിഷപ്പുതപ്പ്’ സൃഷ്ടിക്കുകയും ചെയ്തു. സാധാരണ ഗതിയിൽ അഗ്നിപർവതങ്ങളിലെ തടാകങ്ങളിൽ കാർബൺ ഡയോക്സൈഡ് രൂപപ്പെടുന്നത് പതിവാണ്. അവ തടാകത്തിനടിയിൽ കെട്ടിക്കിടക്കുകയും ചെയ്യും. എന്നാൽ മുകളിലെ അന്തരീക്ഷ താപനിലയിൽ രൂപപ്പെട്ട തണുത്ത വെള്ളത്തിന്റെ ഒരു വലിയ പാളി ഉള്ളതിനാൽ ഈ വാതകം പുറത്തേക്കു വരാറില്ല. 

എന്നാൽ ന്യോസ് തടാകത്തിൽ ആ വാതകത്തെ പുറത്തേക്കു ശക്തിയായി തള്ളുന്ന ഒരു ശക്തി രൂപപ്പെട്ടിരുന്നു. ഒരുപക്ഷേ അതൊരു ഭൂകമ്പമോ ഉരുൾപൊട്ടലോ ചെറിയ അഗ്നിപർവത സ്ഫോടനമോ ആയിരിക്കാം. പക്ഷേ അവിടെയും ഉറപ്പിച്ചു പറയാന്‍ ഒരു കാരണമില്ല. 

No comments