കെഎസ്ആർടിസിയിൽ ശമ്പളക്കരാര്‍ ഒപ്പുവച്ചു; കുറഞ്ഞ ശമ്പളം 23,000 രൂപ - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

കെഎസ്ആർടിസിയിൽ ശമ്പളക്കരാര്‍ ഒപ്പുവച്ചു; കുറഞ്ഞ ശമ്പളം 23,000 രൂപപത്തു വർഷത്തിനു ശേഷം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പായി.  മാനേജ്മെന്റും യൂണിയനുകളും ശമ്പളപരിഷ്കരണകരാർ ഒപ്പുവച്ചു. ശമ്പള പരിഷ്കരണത്തോടെ കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയരും. സാമ്പത്തികനില മെച്ചപ്പെടുന്നത് അനുസരിച്ച് പെൻഷൻ പരിഷ്കരണം നടപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞപ്പോൾ, പെൻഷൻകാരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു.

നിലവിൽ 8,730 രൂപയിൽ നിൽക്കുന്ന കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയർത്തുന്ന ശമ്പള പരിഷ്കരണ കരാറിനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റും യൂണിയനുകളും ഒപ്പുവച്ചത്. ലയിപ്പിക്കുന്ന ഡി.എ 137 ശതമാനം. 1200 രൂപ മുതൽ 5000 രൂപ വരെ വീട്ടുവാടക അലവൻസ്. ഡ്രൈവർമാർക്ക് അധികബത്ത, വനിത ജീവനക്കാർക്ക് പ്രതിമാസം 5000 രൂപയോടെ ഒരു വർഷത്തേക്ക് ചൈൾഡ് കെയർ അലവൻസ് എന്നിവ ഉൾപ്പെടുന്നതാണ് ശമ്പള പരിഷ്കരണ കരാരെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും സാമ്പത്തികസ്ഥിതിയാണ് തടസമായി നിൽക്കുന്നതെന്നും ആന്റണി രാജു വിശദീകരിച്ചു. എന്നാൽ, സെക്രട്ടേറിയറ്റിന് മുൻപിൽ സമരം ചെയ്യുന്ന പെൻഷൻകാരുമായി മന്ത്രി ചർച്ച നടത്തണമെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ വാർത്താസമ്മേളനത്തിനിടെ ഇടപെട്ട് സംസാരിച്ചു. 

കൂടുതൽ ബസുകൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂട്ടണമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകൾ ആവശ്യപ്പെട്ടത് ടിക്കറ്റേതര വരുമാനത്തിന് വേണ്ടി വാദിക്കുന്ന മന്ത്രിക്കുള്ള പരോക്ഷ വിമർശനമായി. 

No comments