സി.പി.എം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിയിൽ നടപടി; 550 പേര്‍ക്കെതിരെ കേസ് - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

സി.പി.എം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിയിൽ നടപടി; 550 പേര്‍ക്കെതിരെ കേസ്

 


സി.പി.എം സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസ്. 

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പാറശാലയിലാണ് അഞ്ഞൂറിലേറെപ്പേര്‍ പങ്കെടുത്ത് തിരുവാതിര നടന്നത്. പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെ 502 പേര്‍ തിരുവാതിര കളിയുടെ ഭാഗമായി. ചെറുവാരക്കോണം സിഎസ്ഐ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവാതിരയ്ക്ക് അത്രതന്നെ കാണികളുമെത്തി. 

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എം.എല്‍.എ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പരിപാടി കാണാനെത്തി. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും പാര്‍ട്ടി ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്‍റെ പ്രമേയം. ഇടയ്ക്ക് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി. സംസ്ഥാനത്ത് കോവിഡ് കണക്ക് കുതിച്ചുയര്‍ന്ന് 9066ലെത്തിയ ദിവസമായിരുന്നു ഇന്നലെ. ഇതില്‍ 2200 രോഗികളും തിരുവനന്തപുരത്താണ്.

No comments