7 മണിക്കൂർ റെയ്ഡ്; ദിലീപിന്റെ ഹാര്‍ഡ് ഡിസ്കും മൊബൈലുകളും പിടികൂടി - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

7 മണിക്കൂർ റെയ്ഡ്; ദിലീപിന്റെ ഹാര്‍ഡ് ഡിസ്കും മൊബൈലുകളും പിടികൂടിനടന്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പൊലീസ് റെയ്ഡ് പൂര്‍ത്തിയായി. രാവിലെ തുടങ്ങിയ പരിശോധന ഏഴുമണിക്കൂര്‍ നീണ്ടു. ദിലീപിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസിലായിരുന്നു പരിശോധന. 

നടന്‍ ദിലീപുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തുന്ന സംഘം, ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും ഇവരുടെ സിനിമാ കമ്പനിയുടെ ഓഫീസിലുമാണ് പരിശോധന നടത്തിയത്.  പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സ്വന്തം വീട്ടിലായിരുന്നു പരിശോധന. ദിലീപിന്റെ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന,, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങ‍ള്‍ക്കും തോക്കിനും വേണ്ടിയായിരുന്നു പരിശോധന.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ചിന്റെ ചടുലനീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പറയുന്ന ദിലീപിന്റെ കൈ വശമുള്ള ലൈസൻസ് ഇല്ലാത്ത തോക്കിനും നടിയെ ആക്രമിച്ച ദൃശ്യങ്ങൾക്കും  വേണ്ടിയാണ് പരിശോധന. അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ആദ്യമെത്തിയത്. വിചാരണക്കോടതിയിൽ നിന്നും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും അന്വേഷണ സംഘം വാറണ്ട് വാങ്ങിയിരുന്നു. പൊലീസ് എത്തിയെന്നറിയിയിട്ടും വീടിന്റെ ഗേറ്റ് തുറക്കാതിരുന്നതോടെ പൊലീസ് ഗേറ്റ് ചാടി അകത്ത് കടന്നു.

കാവ്യാ മാധവനും ദിലീപിന്റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. റെയ്ഡ് ആണെന്ന് ബോധ്യപ്പെടുത്തിയതോടെ സഹോദരി എത്തി ഗേറ്റ് തുറന്നു. പൊലീസ് സംഘം വീടിനുള്ളിലേക്ക്. റെയ്ഡ് ഒരു മണിക്കൂർ പിന്നിട്ടതോടെ ദിലീപും അഭിഭാഷകരും വീട്ടിലേക് ഇരച്ചെത്തി. ഇതേസമയം തന്നെ ദിലീപിന്റെ നിർമാണ കമ്പനിയായ  ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ കൊച്ചിയിലെ ഓഫീസിലും തുടരന്വേഷണം നടത്തുന്ന സംഘം റെയ്ഡ് തുടങ്ങി. ഓഫീസ് പൂട്ടിയിരുന്നതിനാൽ ജീവനക്കാരെ വിളിച്ചു വരുത്തി തുറന്നാണ് ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറിയത്. മുൻകൂർ ജാമ്യത്തിൽ കോടതി തീരുമാനമെടുക്കുന്നതനുസരിച്ച് ദിലീപിനെ ചോദ്യം ചെയ്യാനാണ് നീക്കം.

No comments