ബ്ലാസ്റ്റേഴ്സിനു രണ്ടു ഗോൾ ജയം; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമത് - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ബ്ലാസ്റ്റേഴ്സിനു രണ്ടു ഗോൾ ജയം; പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമത്ഇന്ത്യന്‍ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിയെ രണ്ട് ഗോളുകൾക്കു തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. നിഷു കുമാർ (28), ഹർമൻജ്യോത് ഖബ്ര (40) എന്നിവരാണു ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. ആൽവാരോ വാസ്കേസും ഹോസെ ഡയസ് പെരേരയുമടങ്ങിയ ആക്രമണനിര അവസരങ്ങളേറെ സൃഷ്ടിച്ചെങ്കിലും പ്രതിരോധ താരങ്ങളാണു ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

28–ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ അസിസ്റ്റില്‍ നിഷു കുമാറിന്റെ ഗോൾ പിറന്നു. ലൂണ നൽകിയ പന്ത് പിടിച്ചെടുത്ത നിഷു ഒഡിഷ താരം ഹെൻറിയെ കബളിപ്പിച്ച് പോസ്റ്റിലേക്ക് ഉന്നമിടുകയായിരുന്നു. ആദ്യ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. ആദ്യ പകുതിയിൽ തന്നെ അതിന്റെ ഫലം കണ്ടു. രണ്ടാം ഗോളിനും വഴിയൊരുക്കിയത് ലൂണ തന്നെ. ലൂണയുടെ കോർണർ ആരും മാർക്ക് ചെയ്യാതെ നിന്ന ഖബ്ര ഒഡിഷ വലയിലേക്ക് ഹെഡ് ചെയ്തു വീഴ്ത്തി. ഇതോടെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിനു മുന്നിൽ.

രണ്ടാം പകുതിയിൽ ഒഡിഷ ഗോളവസരങ്ങള്‍ പലതു സൃഷ്ടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോളി പ്രഭ്ഷുഖൻ ഗില്ലും പാറപോലെ നിന്ന് എല്ലാം തടുത്തു. ഇതോടെ ഒഡിഷയുടെ ഗോള്‍ ശ്രമങ്ങളെല്ലാം പാഴായി. ഇതിനിടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ ഒഡിഷ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ മൂന്നാം ഗോൾ പിറന്നില്ല. ഇതോടെ ബ്ലാസ്റ്റേഴ്സിന് സീസണിനെ അഞ്ചാം ജയം. 11 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. അഞ്ച് മത്സരങ്ങളിൽ സമനില പാലിച്ച ടീം തോറ്റത് ഒരു കളിയിൽ മാത്രം. അഞ്ചാം മത്സരവും തോറ്റ് ഒഡിഷ പട്ടികയിൽ എട്ടാമതാണ്.

No comments