ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല; കേരള സർക്കാരിനെ പരിഹസിച്ച്​ പ്രവാസ ലോകം - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല; കേരള സർക്കാരിനെ പരിഹസിച്ച്​ പ്രവാസ ലോകം

 


ഉദ്ഘാടനത്തിന് പിന്നാലെ എടപ്പാൾ പാലത്തിലൂടെ നടന്നു പോകുന്ന ജനക്കൂട്ടംദുബൈ: നാട്ടിലെത്തുന്ന പ്രവാസികൾ ഏഴ്​ ദിവസവം ക്വാറന്‍റീനിൽ കഴിയണമെന്ന നിർദേശം വന്നതിന്​ തൊട്ടുപിന്നാലെ എടപ്പാൾ പാലം ഉദ്​ഘാടനത്തിന് ആയിരങ്ങൾ തടിച്ചു കൂടിയതിനെ പരിഹസിച്ച്​ പ്രവാസലോകം.

ആരോഗ്യ മന്ത്രി വീണ ജോർജ്​ പ്രവാസികളെ ഉപദേശിച്ച്​ 24 മണിക്കൂർ തികയുന്നതിന്​ മുൻപ്​ സംസ്ഥാന സർക്കാറിന്‍റെ തന്നെ മേൽനോട്ടത്തിൽ നടത്തിയ പരിപാടിയിൽ കോവിഡ്​ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി ജനം തടിച്ചുകൂടിയതാണ്​ പ്രവാസികളെ പ്രകോപിപ്പിച്ചത്​.

ഒമിക്രോൺ വിമാനത്തിലേ കയറൂ, പാലത്തിൽ കയറില്ല എന്ന പരിഹാസമുൾപെടെ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്​.

പാലം ഉദ്​ഘാടനത്തിന്‍റെ ചിത്രം ഫേസ്​ ബുക്കിലൂടെ പങ്കുവെച്ച മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പോസ്റ്റുകൾക്ക്​ താഴെയും പ്രവാസികൾ വിമർശനവുമായെത്തി.

മാതൃക കാണിക്കേണ്ട സർക്കാർ തന്നെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെയും പ്രവാസികൾ ചോദ്യം ചെയ്യുന്നു.

ഗൾഫിലെ കൊറോണ മാത്രമെ പടരൂ, എടപ്പാളിലെ കൊറോണ പടരില്ല എന്നാണ്​ ചിലരുടെ പോസ്റ്റ്​.

തിരക്കിൽപെട്ട്​ കൊറോണ എടപ്പാൾ പാലം വഴി ഓടി എന്നും ചിലർ പോസ്റ്റ്​ ചെയ്തിരിക്കുന്നു.

ക്വാറന്‍റീൻ പ്രവാസികൾക്ക് മാത്രമോ എന്ന തലക്കെട്ടിൽ ഗ്രൂപ്പുകളിൽ ചർച്ചയും നടക്കുന്നുണ്ട്​.

കൊറോണ പരത്തുന്ന പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്​ വരുന്ന ചിത്രം എന്ന പേരിലാണ്​ ചിലർ എടപ്പാളിൽ തടിച്ചുകൂടിയ ജനത്തിന്‍റെ ചിത്രം പോസ്റ്റ്​ ചെയ്തിരിക്കുന്നത്​.

ജനം ആർത്തിരമ്പി എന്ന തലക്കെട്ടിൽ മുൻ മന്ത്രി കെ.ടി. ജലീൽ പോസ്റ്റ്​ ചെയ്ത ജനക്കൂട്ടത്തിന്‍റെ ചിത്രത്തിന്​ താഴെയും പ്രവാസികൾ പ്രതിഷേധം അറിയിക്കുന്നു.

നാട്ടിലെ മറ്റ്​ പാർട്ടികളു​ടെയും സംഘനകളുടെയും ​പ്രകടനത്തിനെതിരെ കോവിഡ്​ നിയമലംഘനത്തിന്​ കേസെടുത്തതും ട്രോളുകളിൽ നിറയുന്നുണ്ട്​.

ബൂസ്റ്റർ ഡോസും കോവിഡ്​ പരിശോധനയും കഴിഞ്ഞ്​ നാട്ടിലെത്തുന്ന പ്രവാസികൾക്ക്​ ഏഴ്​ ദിവസം ക്വാറന്‍റീൻ നിർബന്ധമാണെന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശത്തിനെതിരെ കഴിഞ്ഞ ദിവസം മുതൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ എടപ്പാളിൽ നടന്ന ഉദ്​ഘാടന മഹാമഹത്തിൽ മന്ത്രിമാരും എം.എൽ.എമാരും അടക്കം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഒത്തുചേർന്നത്​.

No comments