ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിധി ഇന്ന് - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിധി ഇന്ന്

 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാല്‍സംഗ കേസില്‍ വിധി ഇന്ന്. 105 ദിവസം നീണ്ട വിചാരണയ്ക്കൊടുവില്‍ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുന്നത്. കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഉൾപ്പെടെ ഏഴ് വകുപ്പാണ് ചുമത്തിയിട്ടുള്ളത്.

2018 ജൂണ്‍ 28ന് കുറവിലങ്ങാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി. സംഭവബഹുലമായിരുന്നു അന്വേഷണ, വിചാരണ കാലഘട്ടങ്ങള്‍. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചുവെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രിയുടെ പരാതി. അന്വേഷണം ആരംഭിച്ച് നാലാം മാസം ബിഷപ്പിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 25 ദിവസം പാലാ സബ് ജയിലില്‍ കഴിഞ്ഞ ബിഷപ്പ് പിന്നീട് ജാമ്യത്തിലിറങ്ങി. പത്താംമാസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചുമത്തിയിട്ടുള്ളത്. പരാതി കെട്ടിച്ചമച്ചതാണെന്നും ഉന്നതപദവി നല്‍കാത്തതിന്‍റെ വൈരാഗ്യമാണെന്നുമാണ് ബിഷപ്പിന്‍റെ ആദ്യം മുതലുള്ള വാദം. 

വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റപത്രം റദാക്കണമെന്നാവശ്യപ്പെട്ട് ബിഷപ് കോടതിയെ സമീപിച്ചു. ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും  വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്. ബിഷപിന്‍റെ ആവശ്യപ്രകാരം വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് കോടതി മാധ്യമങ്ങളെ വിലക്കി. മാർ ജോർജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍ 11 വൈദീകരുള്‍പ്പെടെ 45 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരും തന്നെ മൊഴിമാറ്റിയില്ല. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന്‍റെ മേൽനോട്ടത്തിൽ വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ.സുഭാഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജിതേഷ് ബാബുവും ബിഷപ്പിന് വേണ്ടി ബി. രാമന്‍പിള്ളയുമാണ് കേസ് വാദിച്ചത്. 

No comments