വാട്സാപ്പ് അഡ്മിൻമാരുടെ ശ്രദ്ധയ്ക്ക്; ചെറിയ അബദ്ധം മതി ജയിലില്‍ പോകാൻടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹ മാധ്യമ ആപ്ലിക്കേഷനാണ് വാട്സാപ്. വാട്സാപ് വഴി നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിലും അതിനേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങളും ചെയ്യാനാകും. നിങ്ങൾ ഒരു വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനാണെങ്കിൽ കൂടുതൽ സൂക്ഷിക്കണം, എപ്പോഴും ശ്രദ്ധയും വേണം. ഇല്ലെങ്കിൽ ചെറിയൊരു അബദ്ധത്തിന് ജയിലിൽ വരെ പോകേണ്ടിവന്നേക്കാം.

വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് ചില അധിക ആനുകൂല്യങ്ങളും അതോടൊപ്പം തന്നെ ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഗ്രൂപ്പിൽ നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നാൽ അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങൾ ഒരു വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്ററാണെങ്കിൽ ഗ്രൂപ്പിൽ പങ്കിടുന്ന ഉള്ളടക്കത്തിന്റെ തരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. കൂടാതെ, ഗ്രൂപ്പിൽ എന്ത് തരത്തിലുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്നതും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, നിങ്ങൾ ജയിലിലായേക്കാം.

ദേശവിരുദ്ധ ഉള്ളടക്കം

വാട്‌സാപ് ഗ്രൂപ്പിൽ ദേശവിരുദ്ധ ഉള്ളടക്കം ഷെയർ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ ഗ്രൂപ്പ് അഡ്മിനും ഉള്ളടക്കം പങ്കിടുന്നയാളും അറസ്റ്റിലാകാം, ജയിലിലുമാകാം. സമൂഹ മാധ്യമങ്ങളിൽ ‘ദേശവിരുദ്ധ’ പരാമർശങ്ങൾ പ്രചരിപ്പിച്ചതിന് ഉത്തർപ്രദേശിലെ ബാഗ്പത് ഏരിയയിൽ നിന്നുള്ള ഒരു വാട്സാപ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തിരുന്നു.

സ്വകാര്യ ചിത്രങ്ങളും വിഡിയോകളും

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ, അവരുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്. ഇത് ക്രിമിനൽ കുറ്റമാണ്. അങ്ങനെ ചെയ്താൽ നിങ്ങൾക്കെതിരെ നടപടിയെടുക്കാം.

സമൂഹത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്യുക

വാട്സാപ്പിൽ ഏതെങ്കിലും മതത്തേയോ വിശ്വാസത്തെയോ അവഹേളിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വിഡിയോകളും ചിത്രങ്ങളും നിർമിച്ച് പോസ്റ്റ് ചെയ്യുന്നവരെ പിടികൂടാം. കേസിൽ ജയിലിൽ പോകേണ്ടിയും വരും.

അശ്ലീലം

വാട്സാപ് ഗ്രൂപ്പുകളിൽ അശ്ലീല ഉള്ളടക്കം പങ്കിടുന്നത് നിയമവിരുദ്ധമാണ്. കുട്ടികളുടെ അശ്ലീലം ഉൾപ്പെടുന്നതോ ലൈംഗിക തൊഴിലിന് പ്രോത്സാഹിപ്പിക്കുന്നതോ ആയ സന്ദേശങ്ങൾ പങ്കിടുന്നത് നിയമവിരുദ്ധമാണ്. അത്തരം സാഹചര്യങ്ങളിൽ ജയിൽ ശിക്ഷ ലഭിച്ചേക്കാം.

വ്യാജ വാർത്തകൾ

രാജ്യത്തെ അവഹേളിക്കുന്ന, സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്ന വ്യാജ വാർത്തകളും വ്യാജ ഉള്ളടക്കങ്ങളും സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും ഇതിനായി ഉപയോഗിക്കുന്ന ഫോണുകളും അക്കൗണ്ടുകളും പിടിച്ചെടുത്തേക്കാം. പിന്നിൽ പ്രവർത്തിച്ചവരെ എല്ലാം അറസ്റ്റ് ചെയ്യാം.

0 Comments

Post a Comment