keralaSpot Light

സോഷ്യൽമീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പ്: കു‍‍ടുങ്ങാതിരിക്കാന്‍ മുന്നറിയിപ്പ്

സോഷ്യൽ മീഡിയ വഴി വിവാഹപ്പരസ്യം നൽകി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തട്ടിപ്പ് എങ്ങിനെയെന്ന് വിശദീകരിച്ചാണ് പൊലീസ് പോസ്റ്റ് പങ്കുവച്ചത്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുടെ പേരുവിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞ് എത്തുന്ന ഇത്തരം തട്ടിപ്പുകാര്‍ പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാൽ ഫീസ് ഇനത്തിൽ കാശ് ആവശ്യപ്പെടുകയും ചെയ്യുകയുമാണ് ചെയ്യാറുള്ളത്. വിശ്വാസ്യത ഉറപ്പുവരുത്താൻ കോൺഫറൻസ് കോൾ വഴി പെൺകുട്ടിയുമായി സംസാരിക്കാന്‍ സാഹചര്യം ഇവര്‍‌ ഒരുക്കകയും ചെയ്യുന്നു എന്ന് പോസ്റ്റില്‍ പറയുന്നു. പിന്നാലെ പെണ്‍കുട്ടിയുമായുള്ള സംഭാഷണത്തില്‍ പെണ്‍കുട്ടി വിവാഹത്തിന് സമ്മതമെന്നു അറിയിക്കുകയും തുടർന്ന് പെൺകുട്ടിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ നമ്പർ കൊടുക്കുകയും ചെയ്യുന്നു. വിവാഹിതരാകാൻ പോകുന്ന താൽപര്യത്തിൽ കുറച്ചുനാൾ ഈ നമ്പറിൽ നിന്നും പെൺകുട്ടി സംസാരിക്കുകയും ചെയ്യും. ഈ സമയം കൊണ്ട് ഫീസിനത്തിൽ തുക മുഴുവൻ ഇവർ ശേഖരിച്ച ശേഷം പതിയെ വിവാഹത്തില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമം ആരംഭിക്കുമെന്നും പൊലീസ് പറയുന്നുണ്ട്. വീട്ടിലെ ആരെങ്കിലും മരിച്ചുപോയെന്നോ മാറാവ്യാധി ആണെന്നോ ജോലിത്തിരക്കെന്നോ ഒക്കെയുള്ള കാരണങ്ങൾ ആവും അവതരിപ്പിക്കുക എന്നും പോസ്റ്റില്‍ പറയുന്നു.

ഇത്തരം തട്ടിപ്പുകളിൽപെടുന്നവർക്ക് തട്ടിപ്പുകാർ വിവിധ പെൺകുട്ടികളുടെ ഫോട്ടോകൾ കാണിക്കാറുണ്ടെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന രീതിയിൽ സംസാരിക്കുന്നത് ഒരു സ്ത്രീ തന്നെയായിരിക്കും. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളെയും പുനർവിവാഹം ആലോചിക്കുന്ന പുരുഷന്മാരെയുമാണ് തട്ടിപ്പുകാർ ലക്‌ഷ്യം വയ്ക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. പണം നഷ്ടപ്പെടുന്നവർ മാനഹാനി ഭയന്ന് പുറത്തു പറയാൻ മടിക്കുന്നത് മൂലം തട്ടിപ്പ് പുറം ലോകം അറിയാനും വൈകുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാനാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button