വിരകൾ പുളയുന്നതുപോലുള്ള മാംസളമായ കുഴലുകൾ; തീരത്തടിഞ്ഞ വിചിത്ര വസ്തു

ന്യൂസീലൻഡിലെ നോർത്ത് ഐലൻഡ് തീരത്ത് വിചിത്ര വസ്തു. പാപമോവ ബീച്ചിൽ പ്രഭാതസവാരിക്കെത്തിയ കൈലെ മോരമൻ എന്ന വ്യക്തിയാണ് തടിക്കഷണത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിചിത്ര വസ്തുക്കളെ ആദ്യം കണ്ടെത്തിയത്. തടി കഷ്ണമാണെന്ന് ആദ്യം തെറ്റിദ്ധരിച്ചെങ്കിലും അടുത്തെത്തിയപ്പോൾ തടി കഷ്ണമല്ലെന്ന് മനസിലാക്കി. വിരകൾ പുളയുന്നതുപോലുള്ള മാംസളമായ കുഴലുകളും അവയുടെ അറ്റത്ത് നിരവധി കക്കകൾ പറ്റിപ്പിടിച്ചിരിക്കുന്ന രീതിയിലുള്ള തടികഷ്ണങ്ങളുമാണുണ്ടായിരുന്നത്.
5 മീറ്ററോളം നീളമുള്ള തടിക്കഷണത്തിൽ വിചിത്ര കുഴലുകൾ പോലെ പറ്റിപ്പിടിച്ചിരുന്ന ഈ വസ്തു എന്താണെന്ന് ആദ്യം ആർക്കും മനസിലായില്ല. പിന്നീട് പ്രദേശവാസികളിലൊരാളായ അനീറ്റ ബെഥുനെ എന്ന വ്യക്തി ഇതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നീട് ഇതിനെക്കുറിച്ച് കൂടുതലായി അന്വേഷിക്കുകയും ഇവ ആഴക്കടലിൽ തടികളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഗൂസ് ബർണക്കിൾസ് ആണെന്നു വ്യക്തമാകുകയും ചെയ്തു.
മറ്റ് കടൽകക്കകൾ പോലെ തന്നെ ഇവയും കടലിൽ സാധാരണമാണ്. വലിയ പാറകളിലും തടിക്കഷണങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ജീവികളാണിവ. ശരീരത്തിൽ നിന്നു പുറപ്പെടുവിക്കുന്ന ചില രാസവസ്തുക്കൾ ഉപയോഗിച്ച് തടിയിൽ പറ്റിപിപിടിച്ച് ചെടിയുടെ തണ്ടുകൾക്കു സമാനമായ വസ്തു നിർമിച്ചാണ് ഈ ലാർവകൾ വളരുന്നത്. തണ്ടിലൂടെയാണ് അവയ്ക്കാവശ്യമായ ആഹാരം ലഭിക്കുന്നത്.
കടലിനടിയിൽ പാറകളിലും തടിയിലും കൂട്ടമായാണ് ഇവ കാണപ്പെടുന്നത്.
കക്കകൾ ഉൽപാദിപ്പിക്കുന്ന ഈ അപൂർവ പശ ഗവേഷകർക്ക് ഇഷ്ടപ്പെട്ട വിഷയമാണ്. ലാർവകളായിരിക്കുമ്പോൾ പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കാനായി ഇവ പ്രകൃതിദത്തമായി ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന എണ്ണ പോലുള്ള രാസസ്തുവാണിത്. ഈ പശയുപയോഗിച്ചാണ് ഇവ പാറകളിലും മറ്റു വസ്തുക്കളിലും പറ്റിപ്പിടിച്ചു വളരുന്നത്. കടലിന്റെ അടിത്തട്ടിൽ നിരവധി ഗണത്തിൽ പെട്ട കടൽക്കക്കകൾ ഉണ്ടെങ്കിലും അവയൊന്നും അധികദൂരം സഞ്ചരിക്കാറില്ല. എന്നാൽ വേലിയേറ്റമുണ്ടാകുമ്പോൾ ഗൂസ് ബർണക്കിളിന് സ്ഥാനചലനം സംഭവിക്കാറുണ്ട്. അങ്ങനെ വേലിയേറ്റത്തിനിടയിൽ കടൽത്തീത്തെത്തിയതാകാം ഇതെന്നാണ് നിഗമനം. ഇവ ഇപ്പോൾ കടൽത്തീരത്തടിയുന്നത് സാധാരണമാണെന്നും സമുദ്രഗവേഷകർ വ്യക്തമാക്കി.
