വിവാഹത്തിനിടെ വരനും വധുവും തമ്മിൽ വഴക്ക്; വിഷം കഴിച്ച് വരൻ മരിച്ചു; വധു വെന്റിലേറ്ററിൽ

വിവാഹത്തിന്റെ അന്ന് പരസ്പരം വഴക്കിട്ട് വരനും വധുവും. പിന്നാലെ വിഷം കഴിച്ച് വരൻ മരിച്ചു. വിഷം കഴിച്ച വധു അപകടാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. അമ്പലത്തിൽ വച്ച് വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിന് ഇടയിലാണ് വരനും വധുവും തമ്മിൽ വഴക്കുണ്ടായതും വിഷം കഴിച്ച വിവരം വരൻ വധുവിനോട് പറഞ്ഞതും. ഇതറിഞ്ഞയുടനെ വധുവും വിഷം കഴിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധുവിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
പെൺകുട്ടി വിവാഹത്തിനായി യുവാവിനെ നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും ഇതേതുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു. ജോലിയുടെ ഭാഗമായി തനിക്ക് രണ്ടു വർഷം കൂടി സമയം വേണമെന്ന് യുവാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി ഇത് അംഗീകരിച്ചില്ല. പെട്ടെന്നു തന്നെ വിവാഹം വേണമെന്ന് നിർബന്ധിച്ചുകൊണ്ടേയിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
