‘കോൺഗ്രസ് ജയിച്ചതിന് ഒറ്റ കാരണം മാത്രം’: കർണാടകയിലെ രഹസ്യം പറഞ്ഞ് രാഹുൽ

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു.
‘കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം സമ്പന്നരും പൊലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും ഉൾപ്പെടെയുള്ള എല്ലാത്തിനെയും കർണാടകക്കാർ തോൽപ്പിച്ചു.
കർണാടക ജനതയെ അഭിനന്ദിക്കുന്നു. കഴിഞ്ഞ 5 വർഷമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തപ്പെറ്റി ഞാൻ ബോധവാനാണ്. കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല. പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ പാസാക്കും. മധ്യവർഗത്തിന്റെ ക്ഷേമം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുതാര്യവും അഴിമതിമുക്തവുമായ ഭരണം ഞങ്ങൾ കാഴ്ചവയ്ക്കും’ രാഹുൽ പറഞ്ഞു.
