National

ക്ഷണിച്ചത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’: ബൽറാം

കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ആഘോഷത്തിലാണ് കേരളത്തിലെ കോൺഗ്രസുകാരും. ഇക്കൂട്ടത്തിൽ അവസരം കിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കടന്നാക്രമിക്കുന്ന വി.ടി ബൽറാം ഇത്തവണയും പതിവ് തെറ്റിച്ചില്ല. സിദ്ധരാമയ്യയുടെയും ഡി.കെയുടെയും കൈപിടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിൽക്കുന്ന ചിത്രമാണ് ബൽറാം പങ്കുവച്ചിരിക്കുന്നത്. ‘ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ.ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ എന്നാണ് അദ്ദേഹം ചിത്രം പങ്കിട്ട് കുറിച്ചത്.
കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസുമായി സഖ്യം ചേർന്നായിരുന്നു സിപിഎം കോൺഗ്രസിനും ബിജെപിക്കുമെതിരെ മൽസരിച്ചത്. ഇതോടെ കരുത്തുണ്ടായിരുന്ന ഏക മണ്ഡലത്തിൽ പോലും സിപിഎം മൂന്നാമതായി. കോൺഗ്രസ് സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് സിപിഎമ്മിനെ പരിഹസിച്ച് ബൽറാം എത്തിയത്. പിണറായി വിജയനെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാതിരുന്നതും ചർച്ചയായിരുന്നു.

കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, തെന്നിന്ത്യൻ താരം കമൽ ഹാസൻ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തി. സോണിയ ഗാന്ധി സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button