ഭീഷണി ശക്തമായി; മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് ഉപേക്ഷിച്ചു

തീവ്രഹിന്ദു സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷമായതിന് പിന്നാലെ മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് ഉപേക്ഷിച്ചു. ഉത്തരാഖണ്ഡിലെ പൗരിയില്‍ നിന്നുള്ള ബിജെപി നേതാവായ യശ്പാല്‍ ബെനാമാണ് മകളുടെ വിവാഹം വേണ്ടെന്ന് വച്ചത്. മകളുടെ വിവാഹം തന്റെ കുടുംബ കാര്യമാണെന്നും അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നുമായിരുന്നു യശ്പാലിന്റെ ആദ്യ നിലപാട്. നിശ്ചയിച്ചതിന്‍ പ്രകാരം മേയ് 28ന് വിവാഹം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ വിവാഹത്തിന്റെ ക്ഷണക്കത്ത് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് ബജ്റങ്ദള്‍, വി.എച്ച്.പി തുടങ്ങിയ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. മകളെ മുസ്‍ലിം യുവാവിനു വിവാഹം കഴിച്ചു നൽകാനുള്ള മുൻ എംഎൽഎ കൂടിയായ യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
എതിര്‍പ്പ് ശക്തമായതിന് പിന്നാലെ മകളുടെ സന്തോഷം കണക്കിലെടുത്താണ് താന്‍ വിവാഹത്തിന് സമ്മതം മൂളിയതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടതുണ്ടെന്നായിരുന്നു യശ്പാലിന്റെ പ്രതികരണം. അതുകൊണ്ട് വിവാഹം റദ്ദാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
