National

നോട്ട് പിന്‍വലിച്ചതില്‍ ആശങ്ക വേണ്ടെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍

2000 രൂപ നോട്ട് പിന്‍വലിച്ചതില്‍ ആശങ്ക വേണ്ടെന്നും കറന്‍സി മാനേജ്മെന്‍റിന്‍റെ ഭാഗമായാണ് നടപടിയെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍. നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം നല്‍കി. നോട്ട് മാറാന്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമില്ലെന്ന നിര്‍ദേശം കള്ളപ്പണക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നതാണെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം ആരോപിച്ചു.

പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ കൈമാറാനുള്ള സമയം നാളെ ആരംഭിക്കാനിരിക്കെയാണ് ആശങ്കകളും വിമര്‍ശനങ്ങള്‍ തള്ളി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് തന്നെ രംഗത്തുവന്നിരിക്കുന്നത്. നോട്ടുകള്‍ പിന്‍വലിച്ചത് ആര്‍.ബി.ഐയുടെ കറന്‍സി മാനേജ്മെന്‍റിന്‍റെ ഭാഗമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ നോട്ടുകള്‍ മാറാനുള്ള സൗകര്യങ്ങള്‍ ബാങ്കുകളില്‍ ഉണ്ടാകും. സെപ്റ്റംബര്‍ 30 വരെ എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന് പരിശോധിച്ച ശേഷം, നോട്ടുകള്‍ മാറാനുള്ള സമയം നീട്ടി നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ കൗണ്ടറുകളിലും നോട്ട് മാറാന്‍ അനുവദിക്കണമെന്നും, ചൂട് കാലം കണക്കിലെടുത്ത് നോട്ട് മാറാനെത്തുന്നവര്‍ക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ച് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. ഓരോദിവസവും സ്വീകരിക്കുന്ന നോട്ടുകളുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും ബാങ്കുകളോട് ആര്‍.ബി.ഐ നിര്‍ദേശിച്ചു. അതേസമയം, നോട്ടുകള്‍ കൈമാറാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ടന്ന നിര്‍ദേശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. കള്ളപ്പണം ഇല്ലാതാക്കാനാണ് 2000 രൂപ നോട്ട് പിന്‍വലിച്ചതെന്ന ബിജെപി വാദം പൊളിക്കുന്നതാണ് നിര്‍ദേശം. കള്ളപ്പണക്കാരെ 2000ന്‍റെ നോട്ട് മാറാന്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുകയാണെ് കേന്ദ്രസര്‍ക്കാര‍െന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button