crime

മാസങ്ങളോളം മർ‍ദ്ദനം; ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളിച്ചു; മുറിവിൽ മുളകുപൊടിയിട്ടു; ക്രൂരം

കോവളം : വെള്ളായണി കാർഷിക കോളജ് വനിത ഹോസ്റ്റൽ മുറിയിൽ ഒരേ മുറിയിൽ കഴിഞ്ഞ സഹപാഠിയെ വിദ്യാർഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു. സംഭവത്തിൽ ആന്ധ്ര സ്വദേശിയും മുറിയിൽ ഒപ്പം താമസിക്കുകയും ചെയ്ത വിദ്യാർഥിനി ലോഹിത(22)യെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസമായി പലപ്പോഴായി തുടർന്ന ആക്രമണങ്ങളിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദനമേറ്റു, ആഴത്തിൽ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ഇൻഡക്‌ഷൻ കുക്കറിൽ പാത്രം ചൂടാക്കിയാണു മുതുകിൽ പൊള്ളലേൽപ്പിച്ചതെന്നും മൊബൈൽ ഫോൺ ഉപയോഗിച്ചു തലയ്ക്കടിച്ചുവെന്നും പൊലീസ് പറഞ്ഞു.

ഈ മാസം 18നു നടന്ന ക്രൂര മർദനം ഒരാഴ്ചയ്ക്കു ശേഷമാണു പുറത്തായത്. സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ഭയന്നു രഹസ്യമായി നാട്ടിലെത്തി ചികിത്സ തേടി. ചികിത്സയുടെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തായത്. പരാതി നൽകാൻ തുടക്കത്തിൽ ദീപിക തയാറായിരുന്നില്ല. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണു ദീപിക അവർക്കൊപ്പം എത്തി കോളജ് അധികൃതർക്കു പരാതി നൽകിയത്. തുടർന്നാണ് ഈ വിവരം കോളജ് അധികൃതർ പൊലീസിനെ അറിയിച്ചത്. കോളജിലെ അവസാനവർഷ ബിഎസ്‍സി (അഗ്രിക്കൾചറൽ സയൻസ്) വിദ്യാർഥിനിയാണു ക്രൂരപീഡനത്തിനിരയായ ആന്ധ്ര കാശിനായക ക്ഷേത്രത്തിനു സമീപം ചിറ്റൂർ സീലം ദീപിക(22).

മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത് ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു ആന്ധ്ര സ്വദേശിനി ലോഹിതയ്ക്ക് എതിരെയുള്ള കേസ്. ഹോസ്റ്റലിൽ ഒപ്പം താമസിച്ച മറ്റൊരു സഹപാഠിയും ആക്രമണത്തിനു കൂട്ടുനിന്നുവെന്നാണു കണ്ടെത്തൽ. കോളജ് അധികൃതർ നിയോഗിച്ച നാലംഗ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നു പ്രതി ലോഹിതയെ കൂടാതെ മുറിയിൽ ഒപ്പം താമസമുള്ള മലയാളി സഹപാഠി ജിൻസി (22), ആന്ധ്രയിൽ നിന്നുള്ള മറ്റൊരു സഹപാഠി നിഖിൽ (22) എന്നിവരെ സസ്പെൻഡ് ചെയ്തു.

സംഭവത്തെക്കുറിച്ചു ഹോസ്റ്റൽ അസി. വാർഡൻ കോളജ് അധികൃതരെ അന്നു തന്നെ അറിയിച്ചെങ്കിലും ഇക്കാര്യം ഒതുക്കിത്തീർക്കാനാണ് ഉന്നതർ ശ്രമിച്ചതെന്നും ആരോപണമുണ്ട്. ദീപികയുടെ മാതാവിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ഫോണിൽ വിളിച്ചു മോശമായി സംസാരിക്കാൻ പറഞ്ഞതു ദീപിക നിഷേധിച്ചതും ലോഹിതയെ പ്രകോപിപ്പിച്ചു. തിരുവല്ലം എസ്എച്ച്ഒ: രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവം നടന്ന മുറി പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു.

ഫൊറൻസിക് വിദഗ്ധരും എത്തി. കോളജിലെ തന്നെ ആന്ധ്ര സ്വദേശി അധ്യാപകൻ പ്രഫ. പോൾ മുഖേനയാണു ദീപികയിൽ നിന്നു പൊലീസ് മൊഴിയെടുത്തത്. അതേസമയം, സഹപാഠിക്കു പൊള്ളലേറ്റത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതെ ഒളിപ്പിച്ചു എന്നതിന്റെ പേരിലാണു മുറിയിൽ ഒപ്പം താമസിച്ച പെൺകുട്ടി ഉൾപ്പെടെയുള്ളവരെ സസ്പെൻ‍ഡ് ചെയ്തതെന്നു കോളജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button