Spot Light
24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിക്കണം; ഇല്ലെങ്കിൽ ‘മറുനാടൻ’ പൂട്ടാൻ യൂട്യൂബിന് കോടതി നിർദേശം

ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ വിഡിയോകൾ പിൻവലിച്ചില്ലെങ്കിൽ ‘മറുനാടൻ’ ചാനൽ പൂട്ടാൻ കോടതി ഉത്തരവ്. യൂട്യൂബിനാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. 24 മണിക്കൂറിനകം വിവാദ വിഡിയോകളും വാർത്തകളും പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഷാജൻ സ്‌കറിയയ്ക്കും ‘മറുനാടൻ മലയാളി’ക്കുമെതിരായ ലുലു ഗ്രൂപ്പിന്റെ അപകീർത്തിക്കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. ഉത്തരവ് പാലിക്കാൻ ‘മറുനാടൻ മലയാളി’ തയാറായില്ലെങ്കിൽ യൂട്യൂബ് ചാനൽ സസ്‌പെൻഡ് ചെയ്യുകയും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും വേണമെന്ന് യൂട്യൂബിനും ഗൂഗിളിനും നൽകിയ നിർദേശത്തിൽ പറയുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും സംപ്രേഷണം ചെയ്യുന്നതിനും ഷാജൻ സ്‌കറിയയെ കോടതി വിലക്കി.
