മത പഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം ബാലരാമപുരത്ത് മത പാഠശാലയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തൽ. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെ പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം നടന്നത് മത പഠന കേന്ദ്രത്തിന് പുറത്തെന്ന നിഗമനത്തിലാണ് പൊലീസ്.
ഈ മാസം 13 നാണ് ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയെ ബാലരാമപുരത്തെ മത പഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയുടെ കാരണം മാനസിക പീഡനമാണോയെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. പൊലീസിന് ലഭിച്ച വിശദ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുൻപാണ് പീഡനം നടന്നതെന്ന സൂചനയും ഡോക്ടർ മാർ നൽകി. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൂന്തുറ സ്വദേശിയായ യുവാവിലേക്ക് സംശയം കേന്ദ്രീകരിച്ചത്.
