Gulf NewsSpot Light

450 ദിർഹത്തിന്റെ മരുന്ന്; പെട്രോൾ തീർന്നു; തട്ടിപ്പിന് പുതു വഴികൾ; മലയാളികളും ഇരകൾ

ദുബായ് : തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിച്ച് പണം കൈക്കലാക്കുന്നത് തുടരുന്നു. പുതിയ തരം തട്ടിപ്പുകളുമായാണ് ചിലർ ഇറങ്ങിയിരിക്കുന്നത്. പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിൽ ഏഷ്യക്കാരാണ് മുന്നിൽ. തട്ടിപ്പിൽപ്പെട്ട് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്കും മറ്റു രാജ്യക്കാർക്കും പണം നഷ്ടമാകുന്നു.

കഴിഞ്ഞ ദിവസം ദുബായ് മുഹൈസിന നാലിലെ ലുലു വില്ലേജിലാണ് ആദ്യത്തെ തട്ടിപ്പ് അരങ്ങേറിയത്. ലുലു ഹൈപ്പർമാർക്കറ്റിന് മുൻപിലെ പാർക്കിങ്ങിൽ ‍നിർത്തിയിട്ട കാറിനടുത്ത് നിൽക്കുകയായിരുന്ന ഏഷ്യൻ യുവാവ് പലരോടും കൈ കാണിച്ചു വാഹനം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അത്തരത്തിൽ നിർത്തിയ ഒരു മലയാളി യുവാവിന് പണി കിട്ടുകയും ചെയ്തു. തന്റെ കാറിന്റെ പെട്രോൾ തീർന്നുപോയെന്നും പൊലീസ് കണ്ടാൽ പിഴ ഇൗടാക്കുമെന്നും 20 ദിർഹം നൽകി സഹായിക്കണമെന്നും വിഷമത്തോടെ പറഞ്ഞപ്പോൾ മലയാളി യുവാവ് തന്റെ പേഴ്സെടുത്ത് പണം നൽകാൻ തയാറായി. 20 ദിർഹം നൽകാൻ തുനിഞ്ഞപ്പോൾ 10 ദിർഹം കൂടി നൽകാൻ ആവശ്യപ്പെടുകയും യുവാവ് അതുകൂടി നൽകുകയും ചെയ്തു. അയാളുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ സഹായിക്കാൻ ആരും വരാതിരുന്നെങ്കിലത്തെ അവസ്ഥ ആലോചിച്ചു പോയതാണ് പണം നൽകാൻ കാരണമെന്ന് യുവാവ് മനോരമ ഒാൺലൈനോട് പറഞ്ഞു. പണം തിരിച്ചുതരാൻ തന്റെ മൊബൈൽ നമ്പർ വാങ്ങിയെങ്കിലും 2 ദിവസം കഴിഞ്ഞിട്ടും കോൾ ലഭിക്കാതയതോടെ താൻ തട്ടിപ്പിനിരയായതാണെന്ന് യുവാവ് തിരിച്ചറിഞ്ഞു. ഇത്തരത്തിൽ ഇയാൾ പലയിടത്തും മാറി മാറി തട്ടിപ്പ് നടത്തിവരുന്നുണ്ട്.

മറ്റൊരു സംഭവത്തിൽ ദുബായ് ഖിസൈസിലാണ് തട്ടിപ്പ് നടന്നത്. ഒരു പ്രമുഖ ഷോപ്പിങ് കേന്ദ്രത്തിന്റെ പാർക്കിങ്ങിൽ തന്റെ വാഹനത്തിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന മലയാളി യുവാവിന്റെ അരികിലേയ്ക്ക് ഏഷ്യക്കാരനായ ഒരു മധ്യവയസ്കൻ എത്തുകയും രോഗിയായ തനിക്ക് മരുന്ന് വാങ്ങാൻ പണമില്ലെന്നും സഹായിക്കണമെന്നും പറയുകയായിരുന്നു. കൈയിൽ ഡോക്ടറുടെ കുറിപ്പ് നീട്ടിയാണ് സഹായാഭ്യർഥന. തട്ടിപ്പ് ആകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി യുവാവ് കുറിപ്പ് വാങ്ങി താൻ മരുന്ന് വാങ്ങിത്തരാമെന്ന് പറഞ്ഞ് അതുമായി തൊട്ടടുത്തെ ഫാർമസിയിൽ ചെന്നു. എന്നാൽ കുറിപ്പിൽ പറയുന്ന മരുന്നിന്റെ വില കേട്ട് യുവാവ് ഞെട്ടി 450 ദിർഹം. ഇത്രയും വലിയ തുക തന്ന് സഹായിക്കാൻ തനിക്കാവില്ലെന്ന് പറഞ്ഞ് യുവാവ് അയാളെ തിരിച്ചയച്ചു. തുടർന്ന് ഫാർമസിക്കാരാണ് കാര്യം വിശദമാക്കിയത്. ഇത് ഇയാളുടെ പതിവ് പരിപാടിയാണെന്നും മരുന്ന് ലഭിച്ചുകഴിഞ്ഞാൽ അത് തിരിച്ച് ഫാർമസികളിൽ ഏൽപിച്ച് പണം കൈക്കലാക്കുകയാണ് പരിപാടിയെന്നും ഫാർമസിക്കാരൻ പറഞ്ഞു. രോഗിയാണെന്ന് തെറ്റിദ്ധരിച്ച് പലരും തട്ടിപ്പുകാരന്റെ വലയിൽ വീഴുന്നു.

പുതിയ തട്ടിപ്പുമായി പലരും രംഗത്ത് സജീവമായുള്ളതിനാൽ സഹായം നൽകുന്നതിന് മുൻപ് ആലോചിക്കണമെന്ന് പൊലീസ് നിര്‍ദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button