ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അന്വേഷണമില്ലാതെ എലത്തൂര്‍ തീവയ്പ്പിലെ പൊലീസ് വീഴ്ചകള്‍

ട്രെയിനിലെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കിയത് പൊലീസിന്റെയും ആര്‍.പി.എഫിന്റെയും ഗുരുതര വീഴ്ചകള്‍. എലത്തൂര്‍ ട്രയിന്‍ തീവയ്പ്പ് സമയത്തുണ്ടായ പൊലീസ് വീഴ്ചകള്‍ അന്വേഷണം പോലും നടത്താതെ മുക്കി. വീഴ്ചകള്‍ പരിഹരിക്കുന്നതിന് പകരം ചേരിപ്പോര് നടത്തി വിഴുപ്പലക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ മുന്നിട്ടിറങ്ങിയതോടെ സുരക്ഷാവര്‍ധിപ്പിക്കാന്‍ ആരും ചെറുവിരല്‍ അനക്കിയില്ല.
ഏപ്രില്‍ 2ന് രാത്രി ഒമ്പതരയോടെയാണ് എലത്തൂര്‍ ട്രയിന്‍ തീവയ്പ്പുണ്ടാകുന്നത്. തീവ്രവാദ ആക്രമണമെന്ന സംശയത്തോടെ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ ഉടനടി ഉണര്‍ന്നു. പ്രതിക്കായി വ്യാപക തിരിച്ചില്‍. പക്ഷെ കാക്കിപ്പട അരിച്ചുപെറുക്കുന്ന അതേ ട്രയിനില്‍ കയറി പ്രതി കണ്ണൂരിലിറങ്ങി. കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ച കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഒന്നര മണിക്കൂറോളം ഒളിച്ചിരുന്നു. പിന്നീട് അടുത്ത ട്രയിനില്‍ കയറി രക്ഷപെട്ടു. ഇതൊന്നും തടയാന്‍ പോയിട്ട് അറിയാന്‍ പോലും കേരള പൊലീസിനായില്ല. അങ്ങിനെ വീഴ്ചകളുടെ പ്രളയമായിരുന്നു ആ രാത്രി ആവര്‍ത്തിച്ചത്. വീഴ്ചയുടെ ഉത്തരവാദിത്തം തിരഞ്ഞാല്‍ ഉന്നതര്‍ തന്നെ കുടുങ്ങുമെന്നുള്ളതുകൊണ്ട് അന്വേഷണമോ നടപടിയോ ഇല്ലാതെ സര്‍ക്കാരും പൊലീസും അതെല്ലാം മുക്കി. പകരം അധികാരത്തര്‍ക്കത്തിന്റെയും ഈഗോയുടെയും പേരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചേരിപ്പോര് തുടങ്ങി. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എഡിജിപി, സഹപ്രവര്‍ത്തകനായ ഐജിക്കെതിരെ നീണ്ട റിപ്പോര്‍ട്ട് നല്‍കി സസ്പെന്‍ഡ് ചെയ്യിപ്പിച്ചു. അങ്ങിനെ എലത്തൂര്‍ ട്രയിന്‍ വെയ്പ്പിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് വരുത്തി തീര്‍ത്തു. അതല്ലാതെ റയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടാനോ കൂടുതല്‍ സേനയെ വിന്യസിക്കാനോ ശ്രമിച്ചില്ല. അതിന്റെ ഫലമാണ് കണ്ണൂരില്‍ ആവര്‍ത്തിച്ച തീവയ്പ്പ്. ആര്‍.പി.എഫിന് പുറമെ കേരള പൊലീസിന്റെ ഭാഗമായ റയില്‍വെ പൊലീസ് ഉള്‍പ്പെടെ 80 ലേറെ ഉദ്യോഗസ്്ഥര്‍ ജോലി നോക്കുന്ന സ്ഥലമാണ് കണ്ണൂര്‍ റയില്‍വേ സ്റ്റേഷന്‍. ഇവര്‍ കൃത്യമായ പട്രോളിങ് നടത്തിയാല്‍ പോലും ആരെങ്കിലും അതിക്രമിച്ച് ട്രയിനില്‍ കയറുന്നുണ്ടോയെന്ന് കണ്ടെത്താം. പക്ഷെ അതുപോലുമുണ്ടായില്ലെന്ന വീഴ്ചയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
