ജനാധിപത്യവും പീരിയോഡിക് ടേബിളും ഒഴിവാക്കി; കടുംവെട്ടുമായി എന്‍സിഇആര്‍ടി

എന്‍സിഇആര്‍ടി പത്താംക്ലാസ് സിലബസില്‍ നിന്ന് ജനാധിപത്യം സംബന്ധിച്ച പാഠഭാഗങ്ങള്‍ ഒഴിവാക്കി. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പീരിയോഡിക് ടേബിളും വേണ്ടെന്നുവച്ചു. വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാനെന്ന് വിശദീകരണം
ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം തുടങ്ങിയ ഭാഗങ്ങൾക്കു പിന്നാലെ ജനാധിപത്യം ഉൾപ്പെടെയുള്ളവ കൂടി പാഠഭാഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് വിവാദമായത്. എന്‍സിഇആര്‍ടി പുതിയതായി പുറത്തിറക്കിയ പാഠപുസ്തകത്തിൽ നിന്നാണ് പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ സ്രോതസ്സുകള്‍ തുടങ്ങിയ സുപ്രധാന ഭാഗങ്ങൾ അപ്രത്യക്ഷമായത്. പരിസ്ഥിതി സുസ്ഥിരത സംബന്ധിച്ച പാഠഭാഗവും 10–ാം ക്ലാസിലെ പാഠപുസ്തകത്തില്‍നിന്ന് നീക്കി. ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ഒഴിവാക്കിയ കൂട്ടത്തിലുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കേണ്ടത് അത്യന്താപേഷിതമായിരുന്നുവെന്നാണ് എൻസിഇആർടി ഉയർത്തുന്ന വാദം. പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ വന്നിട്ടുള്ള ആവർത്തനങ്ങൾ ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളും മേൽപ്പറഞ്ഞ പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനു കാരണമായി എൻസിഇആർടി നിരത്തുന്നുണ്ട്.
നേരത്തെ, പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്ന കത്തെഴുതി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരുന്നയിച്ച വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങൾ 12–ാം ക്ലാസിൽ പഠിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
