അമിതഭാരത്തിന് പണം കൊടുക്കണമെന്ന് ഭയന്നു; വ്യാജബോംബ് ഭീഷണിയുമായി യുവതി

കയ്യിലുള്ള അമിതഭാരത്തിന് പണം നല്‍കേണ്ടി വരുമെന്ന് ഭയന്ന് വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യുവതിയെ സിഐഎസ്എഫ് സഹര്‍ പൊലീസിന് കൈമാറി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കൊല്‍ക്കത്തയിലുള്ള അമ്മയെ സന്ദര്‍ശിക്കുന്നതിനായി മുംബൈ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു യുവതി. സ്പൈസ് ജെറ്റിന്റെ ബാഗേജ് ചെക്ക് ഇന്‍ കൗണ്ടറില്‍ വൈകുന്നേരം അഞ്ചരയോടെയെത്തിയ യുവതി ബോര്‍ഡിങ് പാസ് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനക്കമ്പനിയുടെ നിയമം അനുസരിച്ച് ആഭ്യന്തര യാത്രികര്‍ക്ക് ഒരു ബാഗും പരമാവധി 15 കിലോയുമാണ് കൊണ്ടു പോകാന്‍ സാധിക്കുന്നത്. ഇവരുടെ കൈവശം രണ്ട് ബാഗുകളിലായി 22.5 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. ഇത്രയും ഭാരം കൊണ്ടുപോകാനാവില്ലെന്നും പണം അടയ്ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെങ്കിലും യുവതി പണമടയ്ക്കാന്‍ വിസമ്മതിച്ചു. ഇതോടെ തന്റെ കൈവശം ബോംബുണ്ടെന്ന് യുവതി പറഞ്ഞു.
ഏതൊരു ഭീഷണിയും ഗൗരവമായി എടുക്കണമെന്ന് നിര്‍ദേശമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സുരക്ഷാജീവനക്കാരെ വിവരമറിയിച്ചു. ഡോഗ്സ്ക്വാഡെത്തി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജബോംബ് ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിറ്റേദിവസം കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു. യുവതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റുള്ളവരുടെ ജീവന് അപകടം സൃഷ്ടിക്കുന്നതരത്തില്‍ പെരുമാറിയെന്ന് കാണിച്ച് യുവതിക്കെതിരെ സഹര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
