National

രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ നിയമകമ്മീഷന്‍ ശുപാര്‍ശ

രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ നിയമകമ്മീഷന്‍ ശുപാര്‍ശ. കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനും ശുപാര്‍ശചെയ്ത് നിയമ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വന്‍തോതിലുള്ള ദുരുപയോഗം കണക്കിലെടുത്ത് നിയമം സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പഠിക്കാന്‍ നിയമകമ്മീഷനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

കോളോണിയല്‍ കാലത്ത് നിര്‍മിച്ച ഐ.പി.സി 124എ അഥവ രാജ്യദ്രോഹക്കുറ്റത്തിന് ഇന്നത്തെ കാലത്ത് എന്ത് പ്രസക്തി ചോദിച്ചത് സുപ്രീംകോടതിയായിരുന്നു. നിരന്തരം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. നിയമം പൂര്‍ണമായും റദ്ദാക്കരുതെന്നും ഭേദഗതികള്‍ കൊണ്ടുവരുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും കോടതിയില്‍ കേന്ദ്രം സമ്മതിച്ചു. തുടര്‍ന്നാണ് നിയമം മരവിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും, ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ നിയമകമ്മീഷനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകുയും ചെയ്തത്. എന്നാല്‍ നിയമം കര്‍ക്കശമാക്കുന്ന ശുപാര്‍ശകളാണ് നിയമകമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൊളോണിയല്‍ നിയമമാണെന്നത് കൊണ്ട് മാത്രം നിയമം റദ്ദാക്കേണ്ടെന്ന് കമ്മീഷന്‍ പറയുന്നു.

നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ 3 വര്‍ഷമാണ്. ഇത് ജീവപര്യന്തം തടവായോ 7 വര്‍ഷം തടവായോ വര്‍ധിപ്പിക്കണമെന്നതാണ് റിപ്പര്‍ട്ടിലെ ശുപാര്‍ശ. അക്രമം പ്രചോദിപ്പിക്കാനോ, പൊതുക്രമം തെറ്റിക്കാനോ ഉള്ള പ്രവണതയോടെ നടത്തുന്ന പ്രസ്താവനകള്‍ക്ക് രാജ്യദ്രോഹ നിയപ്രകാരം കേസെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യദ്രോഹക്കേസെടുക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യും മുമ്പ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തണം. ഈ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് കേന്ദ്രസര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ അനുമതി ന്‍കിയ ശേഷം മാത്രമേ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button