മൂന്ന് ട്രെയിനുകള്‍; മിനിറ്റുകളുടെ വ്യത്യാസം; ബാലസോറിൽ സംഭവിച്ചത്

രാജ്യത്തെ നടുക്കി ഒഡീഷയിലുണ്ടായത് വന്‍ദുരന്തം. ബാലസോറില്‍ രണ്ട് ട്രെയിനുകളും ഒരു ചരക്കുതീവണ്ടിയും അപകടത്തില്‍പ്പെട്ടു. ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ അപകടങ്ങളിൽ ഇതുവരെ മരിച്ചത് എഴുപതിൽ അധികം പേരാണ്. പരുക്കേറ്റവരുടെ എണ്ണം 350ലേറെ വരും. ഒരേ സമയത്ത് മൂന്നു ട്രെയിനുകളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പുർ – ഹൗറ എക്സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ഗുഡ്സ് ട്രെയിനും അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.20നാണ് ആദ്യത്തെ ട്രെയിൻ അപകടത്തിൽപ്പെട്ടത്.
ബംഗാളിലെ ഷാലിമാറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിലിടിച്ചാണ് ആദ്യ അപകടമുണ്ടായത്. ഈ അപകടത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 കോച്ചുകൾ പാളം തെറ്റിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. അപകടത്തിൽ എതിർപാളത്തിലേക്ക് മറിഞ്ഞ ബോഗികളിലേക്ക് അതുവഴി എത്തിയ യശ്വന്ത്പുർ – ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹൗറ എക്സ്പ്രസിന്റെ നാലു ബോഗികളും പാളം തെറ്റി. എട്ടു ബോഗികൾ മറിഞ്ഞതായാണ് സൂചന.
അപകടത്തെ തുടർന്ന് 300–400 ആളുകളാണ് ട്രാക്കിൽ കുടുങ്ങിയത്. നാട്ടുകാരും പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ളവർ വളരെ പണിപ്പെട്ടാണ് ആളുകളെ പുറത്തെടുത്തത്. ആശുപത്രിയിലേക്കു മാറ്റുമ്പോൾത്തന്നെ പലരും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്.
കണ്‍ട്രോള്‍ റൂം തുറന്നു
വിളിക്കേണ്ട നമ്പര്‍ : 033 26382217, 8972073925, 044 25330953, 044 25330952
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി
നിരവധി ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിട്ടു
