തീപിടിത്തം: നശിച്ചത് 64 ലക്ഷത്തിലധികം ഗുളികകള്‍; 1.19 കോടിരൂപ നഷ്ടം

തിരുവനന്തപുരം കെഎംഎസ്‌സിഎല്‍ ഗോഡൗണിലെ തീപിടിത്തത്തില്‍ കാലാവധി കഴിഞ്ഞ 64 ലക്ഷത്തിലധികം ഗുളികകള്‍ കത്തിയെന്ന് റിപ്പോര്‍ട്ട്. ഗുളികകളുടെ കാലാവധി 2014 ല്‍ കഴിഞ്ഞെന്നാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലുളളത്. 1.19 കോടി രൂപയാണ് നഷ്ടം.
ബ്ളീച്ചിങ് പൗഡറും രാസവസ്തുക്കളുമാണ് കത്തിയതെന്ന് ഒൗദ്യോഗികമായി പറഞ്ഞ കെഎംഎസ്‌സിഎല്‍ കാലാവധി കഴിഞ്ഞ മരുന്നുകളും കൂട്ടത്തിലുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു. അതും 64 ലക്ഷത്തിലധികം ഗുളികകള്‍. ആന്റിബയോട്ടിക്കുകളും സൈക്യാട്രി രോഗങ്ങള്‍ക്കുളള മരുന്നുകളുമാണ് കത്തിയത്. 2014ലെ വിവിധ മാസങ്ങളിലായി കാലാവധി തീര്‍ന്ന മരുന്നുകളാണിതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ലക്ഷക്കണക്കിന് രൂപയുടെ ഇത്രയധികം മരുന്നുകള്‍ പാഴായത് എങ്ങനെയെന്നും കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിച്ച് വച്ചത് എന്തിനെന്നുമുളള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.
ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് പര്‍ച്ചേസ് നടത്തിയെന്നും ഇതാണ് മരുന്നു പാഴാകാന്‍ കാരണമെന്നും ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു. ആശുപത്രികള്‍ ആവശ്യം രേഖപ്പെടുത്തി നല്കിയപ്പോള്‍ അളവിലുണ്ടായ വ്യത്യാസമാണ് കൂടുതല്‍ മരുന്ന് വാങ്ങാന്‍ കാരണമായതെന്നാണ് കെഎംഎസ്‌സിഎല്ലിന്‍റെ വിശദീകരണം. കിന്‍ഫ്രയിലെ രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിനാണ് തീപിടിച്ചത്. ബ്ളീച്ചിങ് പൗഡറിനാണ് തീപിടിച്ചത്. മരുന്ന് കൂടാതെ സര്‍ജിക്കല്‍ സ്പിരിറ്റ്, വാഷിങ് സോഡ, കലാമിന്‍ ലോഷന്‍ തുടങ്ങി 17 ഇനം രാസ വസ്തുക്കളാണ് കത്തിയത് . കൊല്ലം , തിരുവനന്തപുരം , ആലപ്പുഴ ഗോഡൗണുകള്‍ക്ക് തീപിടിച്ചെങ്കിലും കാരണമെന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
