kerala

അരിക്കൊമ്പനല്ല, ഇത് അരിപ്രാണി; 600 മുട്ടകളിടും, ഒരു കിലോമീറ്റര്‍ ഇര തേടി സഞ്ചാരം

സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു രാത്രി പറന്നെത്തി കിടപ്പുമുറിയിലും അടുക്കളയിലും വരെ ശല്യം ചെയ്ത് ഉറക്കം കെടുത്തുന്ന പ്രാണികളെ അകറ്റാൻ കഴിയാതെ അധികൃതർ. കാസർകോട് കേളുഗുഡ്ഡെയിലെ ഗോഡൗണിൽ റേഷൻ വിതരണത്തിനു സൂക്ഷിച്ച അരിയിലാണ് ഇതിന്റെ വാസം. ഇവിടെ മുട്ടയിട്ടു പരിസരമാകെ പെറ്റു പെരുകുന്നു.

ഒരു പ്രാണി 600 വരെ മുട്ടയിടും എന്നാണു പറയപ്പെടുന്നത്. നേരം ഇരുട്ടാകുന്നതോടെ പ്രാണികൾ കൂട്ടത്തോടെ ചാക്കി‍ൽ നിന്നു പുറത്തിറങ്ങി പറന്ന് ഒരു കിലോമീറ്റർ വരെ ഇര തേടി, വെളിച്ചമുള്ള വീടുകളിലും കെട്ടിടങ്ങളിലും എത്തുന്നു. വാതിൽ തുറന്നിടുന്ന വീടുകളിലാണു പ്രാണി ശല്യം രൂക്ഷം. നേരം പുലരും മുൻപു തിരികെ ഗോഡൗണിൽ ചാക്കുകളിലേക്കു നുഴഞ്ഞു കയറുന്നതാണു ദിനചര്യ.

ശരീരത്തിലേക്കു കയറുക മാത്രമല്ല വസ്ത്രങ്ങൾ ഇറുകിയ ഭാഗത്തു പോലും കടന്നെത്തി ദ്രാവകം പൊഴിക്കുന്നു. തലശ്ശേരി, പയ്യന്നൂർ ഗോഡൗണുകൾ ഇതിന്റെ ശല്യം കാരണം 10 ദിവസത്തോളം അടച്ചിടേണ്ടി വന്നിരുന്നു. ജില്ലയിൽ എല്ലാ ഗോഡൗണുകളിലും ഇത് ഉണ്ടെങ്കിലും ജനവാസമേറിയ ഇടങ്ങളിലാണു ശല്യം കൂടുതലായി അനുഭവപ്പെടുന്നത്. മഴ വന്നാൽ ഇതിന്റെ വാസവും സഞ്ചാരവും നിലയ്ക്കും. അതിരൂക്ഷമായ ചൂടാണു ഇതിനു വളരാൻ ഇടയാകുന്നത്. ആദ്യമായാണു റബർ തോട്ടങ്ങളിൽ കാണുന്ന ഓട്ടുറുമി സമാന രൂപത്തിലുള്ള കൊമ്പ്(മീശ) ഇല്ലാത്ത ഇത്തരം പ്രാണി അരിച്ചാക്കുകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അരിയെ ഒരു തരത്തിലും ഇതു ബാധിക്കുന്നില്ലെന്നും അധികൃതർ പറയുന്നു. ഭക്ഷ്യസുരക്ഷയെ ബാധിക്കാതെ ഗുളിക പ്രയോഗം നടത്തിയെങ്കിലും അതൊന്നും ഇതിനെ നശിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ 3 ആഴ്ചയായി തുടങ്ങിയ ഇതിന്റെ സഞ്ചാരം കൊണ്ടു പൊറുതിമുട്ടിയ വീട്ടുകാർ ആരോഗ്യ മന്ത്രിക്കു വരെ പരാതി നൽകി. സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ, കലക്ടർ എന്നിവരെയും ദുരിതം അറിയിച്ചെങ്കിലും പ്രാണിയുടെ ശല്യം കൂടുന്നതല്ലാതെ പരിഹാരമായില്ല. തുടരന്വേഷണത്തിനു ജില്ലാ മെഡിക്കൽ ഓഫിസുമായി ബന്ധപ്പെടാനാണ് ആരോഗ്യ വകുപ്പ് നൽകിയ മറുപടി.അരി മുഴുവൻ റേഷൻ കടകളിലേക്കു മാറ്റി പുതിയ സ്റ്റോക്ക് എത്തുന്നതു വൈകിപ്പിച്ച്, ഗോഡൗൺ വൃത്തിയാക്കുന്നതു വരെ സാവകാശം തേടിയിരിക്കുകയാണ് സിവിൽ സപ്ലൈസ് അധികൃതർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button