ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പന്നിയങ്കര സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. രോഗിക്കൊപ്പമെത്തിയ അജീഷ് അകാരണമായി ഡോക്ടറോട് തട്ടിക്കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. നെഞ്ചുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ ആളിനൊപ്പമാണ് അജീഷ് ആശുപത്രിയിലെത്തിയത്. മതിയായ ചികില്‍സ നല്‍കിയെങ്കില്‍ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍ക്ക് നേരെയുള്ള ആദ്യ ഭീഷണി. രോഗിയും കൂടെയുണ്ടായിരുന്നവരും അജീഷിനെ വിലക്കിയെങ്കിലും പിന്മാറാന്‍ കൂട്ടാക്കിയില്ല. സുരക്ഷാ ജീവനക്കാരനെയും നഴ്സിനെയും അസഭ്യം പറഞ്ഞ് നീങ്ങിയ അജീഷ് പിന്നീട് ഡോക്ടര്‍ക്ക് നേരെ തിരിയുകയായിരുന്നു.
ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വടക്കഞ്ചേരി പൊലീസിന് നേരെയും യുവാവ് ആക്രോശിച്ചു. പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജീഷിനെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് അറിയിച്ചു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡ് ചെയ്തു.
