ഇന്ത്യയ്ക്ക് നാണക്കേട്,. വമ്പൻ തോൽവി; ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഓസ്ട്രേലിയയ്ക്ക്

ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഓസ്ട്രേലിയയ്ക്ക്. ഫൈനലിൽ 209 റണ്‍സിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപിച്ചിരുന്നു.
ജയത്തോടെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയില്‍ അഞ്ചാം ദിവസം കളി തുടങ്ങിയ ഇന്ത്യ 70 റൺസ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും നഷ്ടപ്പെടുത്തി. അവസാന ദിനം കളി തുടങ്ങിയതിനു പിന്നാലെ സ്കോട്ട് ബോളണ്ടിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് കോലിയെ പുറത്താക്കി. 78 പന്തുകൾ നേരിട്ട കോലി 49 റൺസെടുത്തു. കോലിയുടെ ഷോട്ട് സെക്കൻഡ് സ്‍ലിപ്പിൽ നിന്ന സ്മിത്ത് ഡൈവിങ് ക്യാച്ചിലൂടെയാണു പിടിച്ചെടുത്തത്.ഇതേ ഓവറിലെ അഞ്ചാം പന്തില്‍ രവീന്ദ്ര ജഡേജയും പുറത്തായത് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമായി. നേരിട്ട രണ്ടാം പന്തിൽ ജഡേജയെ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്തു പുറത്താക്കി.
പിന്നീട് അജിൻക്യ രഹാനെയിലായി ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ അര്‍ധ സെഞ്ചറിക്കു മുൻപേ രഹാനെയും മടങ്ങി. 108 പന്തുകളിൽനിന്ന് 46 റൺസെടുത്ത രഹാനെയെ മിച്ചൽ സ്റ്റാര്‍ക്കിന്റെ പന്തിൽ കീപ്പർ അലക്സ് കാരി ക്യാച്ചെടുത്തു മടക്കി. ഷാർദൂൽ ഠാക്കൂറിനെ (പൂജ്യം) നേഥൻ ലയണും ഉമേഷ് യാദവിനെ (12 പന്തിൽ ഒന്ന്) മിച്ചൽ സ്റ്റാർക്കും പുറത്താക്കി. വാലറ്റം പ്രതിരോധിക്കാതെ കീഴടങ്ങിയതോടെ രണ്ടാം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യയ്ക്കു തോൽവി. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 469, രണ്ടാം ഇന്നിങ്സ് 8ന് 270 ഡിക്ലയേർഡ്. ഇന്ത്യ ഒന്നാം ഇന്നിങ്സ് 296, രണ്ടാം ഇന്നിങ്സ് 234.
സമനിലയ്ക്കു വേണ്ടി കളിക്കില്ലെന്നു തോന്നിക്കും വിധമാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ (60 പന്തിൽ 43), ശുഭ്മൻ ഗിൽ (19 പന്തിൽ 18) എന്നിവർ കൗണ്ടർ അറ്റാക്കിലൂടെ സ്കോർ ഉയർത്തിയെങ്കിലും ഗില്ലിനെ പുറത്താക്കിയ സ്കോട്ട് ബോളണ്ട് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏൽപിച്ചു. പിന്നാലെ നേഥൻ ലയണിന് വിക്കറ്റ് നൽകി രോഹിത്തും മടങ്ങി. ചേതേശ്വർ പൂജാരയെ (27) പുറത്താക്കി കമിൻസ് ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഓസീസിനായി സ്കോട്ട് ബോളണ്ട്, നേഥൻ ലയൺ എന്നിവർ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റു വീതം വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്ത ഓസ്ട്രേലിയ വമ്പൻ ലീഡ് ഉറപ്പിച്ചാണ് ബാറ്റിങ് മതിയാക്കിയത്. തുടക്കത്തിലേ മാർനസ് ലബുഷെയ്നെ (41) നഷ്ടമായെങ്കിലും കാമറൂൺ ഗ്രീൻ (25), മിച്ചൽ സ്റ്റാർക് (41) എന്നിവരെ കൂട്ടുപിടിച്ച് അലക്സ് ക്യാരി (66 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപ് ഓസ്ട്രേലിയൻ ലീഡ് 443ൽ എത്തിച്ചു.
