kerala

ഡെങ്കിപ്പനി ഭീഷണിയില്‍ എറണാകുളം; 11 ദിവസത്തിനിടെ ആറ് മരണം

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. ഈ മാസം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. അറുന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതും. ഡെങ്കിപ്പനി അപകടകരമായ രീതിയില്‍ പടരുമ്പോഴും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ പോലും ജില്ലാ ആരോഗ്യവിഭാഗം തയാറാകുന്നില്ല.

രാജ്യത്ത് ഏറ്റവും അധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ ഉള്ളതാകട്ടെ എറണാകുളത്തും. ഈ മാസം 11 വരെയുള്ള ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ പ്രതിദിനം അന്‍പതിലേറെ പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. ഇന്നലെ മാറാടിയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ഈ മാസം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഇതോടെ ഈ വര്‍ഷത്തെ ഡെങ്കി മരണം എട്ടായി.

തൃക്കാക്കര മേഖലയിൽ ഡെങ്കിപ്പനി രൂക്ഷമാണ്. കൊച്ചി കോർപറേഷൻ മേഖല, കോതമംഗലം, പെരുമ്പാവൂർ, കളമശേരി, പിറവം, തൃപ്പുണിത്തുറ തുടങ്ങിയ നഗരസഭകളിലും ഡെങ്കിപ്പനി കേസുകൾ കൂടുകയാണ്. മഴ കനത്തതോടെയാണ് അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലേക്ക് ഡെങ്കിപ്പനി പടരുന്നതും. പ്ലാസ്റ്റിക് മാലിന്യം പലയിടത്തും തുറസായ സ്ഥലത്തു കിടക്കുന്നതും രോഗഭീഷണി ഉയര്‍ത്തുന്നു. ഇടവിട്ടു പെയ്യുന്ന മഴയിൽ ഇത്തരം പ്ലാസ്റ്റിക് മാലിന്യമെല്ലാം കൊതുകു വളർത്തൽ കേന്ദ്രമാകാനുള്ള സാധ്യതയുണ്ട്.ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്കു വളരാൻ വെറും 2 മില്ലി വെള്ളം മതി. കേസുകള്‍ വര്‍ധിച്ചുവരുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കാനോ, ഡെങ്കിപ്പനി പരിശോധനകള്‍ വ്യാപകമാക്കാനോ ഒന്നിനുമുള്ള ശ്രമങ്ങള്‍ ജില്ലാ ആരോഗ്യവിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന വിമര്‍ശനവും വ്യാപകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button