ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടു പ്രണയിച്ചു; വിവാഹിതയുമായി ഒളിച്ചോട്ടം; മതംമാറ്റം; അറസ്റ്റ്

ഫെയ്സ്ബുക്കിലൂടെ ദളിത് യുവതിയുമായി പ്രണയത്തിലായി ഒളിച്ചോടിയ യുവാവിനെതിരെ പരാതി. യുവതിയെ മതംമാറ്റിയെന്ന ആരോപണമുന്നയിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹിതയായ യുവതിയുമായി യുവാവ് ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചെടുക്കുകയും ഒളിച്ചോടുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് യുവാവിനെയും ഇയാള്‍ക്കൊപ്പം അഞ്ചു പേരെയും അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്‌നഗര്‍ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഷൈലേഷ് കുമാറും ലക്ഷ്മിയും തമ്മിലുള്ള വിവാഹം. കഴിഞ്ഞ മാസം 31–ാം തീയതി മുതല്‍ ലക്ഷ്മിയെ കാണാതായി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും 55,000 രൂപയും കൊണ്ടാണ് ലക്ഷ്മി പോയത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ലക്ഷ്മി സിസ്വാന്‍ ഗ്രാമത്തിലുള്ള സസ്വള്ള എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും മുബൈയിലുണ്ടെന്നും പൊലീസ് കണ്ടെത്തി.
മുംബൈയില്‍ വച്ച് ലക്ഷ്മി മതംമാറി മുസ്കാന്‍ എന്ന പേര് സ്വീകരിച്ചു. ഇതിനു ശേഷം മുസ്‌ലിം ആചാരപ്രകാരം സസ്വള്ളയുമായുലുള്ള നിക്കാഹും നടന്നു. സംഭവം അറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ മുംബൈയിലെത്തി ലക്ഷ്മിയോടും സസ്വള്ളയോടും സംസാരിച്ചു. അവസാനം ലക്ഷ്മിയെ ബന്ധുക്കള്‍ തിരികെ കൂട്ടിക്കൊണ്ടുപോയി.
ഇതിനിടെ സിസ്വാന്‍ ഗ്രാമത്തിലുള്ള ഒരാളുമായി പ്രണയത്തിലാണെന്ന കാര്യം ലക്ഷ്മി ഒരു ബന്ധുവിനോട് പറഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് ഷൈലേഷ് വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നും ഇത് പിന്നീട് ഫോണ്‍ വിളിയിലേക്ക് മാറിയെന്നും ലക്ഷ്മി പറഞ്ഞിരുന്നു. സസ്വള്ളയുമായി ഒളിച്ചോടി മുംബൈയിലെത്തും മുന്‍പ് നാസിക്കില്‍ വച്ച് ലക്ഷ്മി തന്റെ ബന്ധുവായ മറ്റൊരാളെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ സസ്വള്ള നിര്‍ബന്ധിച്ചാണ് മുംബൈയിലേക്ക് കൊണ്ടുപോകുന്നതെന്നും തനിക്ക് തിരിച്ചുവരണമെന്നും ലക്ഷ്മി പറഞ്ഞു. ഇതിനു പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നുവെന്നും ഷൈലേഷ് പറഞ്ഞു.
