kerala

കൊന്നു തിന്ന് നായ്ക്കൾ: വന്ധ്യംകരണം പ്രഹസനമായി,​ 18 കേന്ദ്രങ്ങൾ മാത്രം,​ പ്രഖ്യാപിച്ചത് 82



തിരുവനന്തപുരം: തെരുവു നായ്ക്കൾ മനുഷ്യരെ കടിച്ചു കൊല്ലുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും അവയെ നിയന്ത്രിക്കുന്നതിലും വന്ധ്യംകരിക്കുന്നതിലും വൻവീഴ്ച. തെരുവുനായ ശല്യം കുറയ്ക്കാനായി സംസ്ഥാനത്ത് ആവിഷ്കരിച്ച ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി (എ.ബി.സി) പാളി. കഴിഞ്ഞ ദിവസം കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച 11 വയസുള്ള ഭിന്നശേഷിക്കാരൻ നിഹാൽ നൗഷാദ് ഇതിന്റെ ഒടുവിലത്തെ ഇരയാണ്.

നിഹാലിന്റെ മൃതദേഹം എടക്കാട് മണപ്പുറം ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി.അതിനിടെ ഇന്നലെ തൃശൂർ പുന്നയൂർക്കുളം മുക്കണ്ടത്ത് തറയിൽ സുരേഷിന്റെ ഭാര്യ ബിന്ദുവും (44), മകൾ ശ്രീക്കുട്ടിയും (21) തെരുവുനായയുടെ ആക്രമണത്തിന് ഇരയായി.

നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ്പെടുത്ത ശേഷം തിരികെ വിടുന്ന അനിമൽ ബർത്ത് കൺട്രോൾ നിയമം 2001ൽ കേന്ദ്ര സർക്കാർ പാസാക്കിയിരുന്നു. നായ്ക്കളെ പിടികൂടാൻ ആളുകളെ കിട്ടാത്തത് പദ്ധതിയെ പിന്നോട്ടടിച്ചു. മൂന്നു ലക്ഷത്തിലേറെ തെരുവു നായ്ക്കളുള്ള കേരളത്തിൽ
കഴി‌ഞ്ഞ മാർച്ച് വരെ നടന്ന വന്ധ്യംകരണം പതിനായിരം മാത്രമാണ്. 82 വന്ധ്യംകരണ കേന്ദ്രങ്ങൾ തുറക്കുമെന്നായിരുന്നു പ്രഖ്യാപനം.നിലവിൽ 18 എണ്ണം മാത്രമാണുള്ളത്.

തിരുവനന്തപുരത്ത് സന്നദ്ധ സംഘടനയായ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്റെ കേന്ദ്രവും നിലവിലുണ്ട്. അഞ്ചു ജില്ലകളിൽ വന്ധ്യംകരണ കേന്ദ്രങ്ങളേയില്ല. കോർപറേഷനുകളിൽ തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃ ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ കേന്ദ്രമുള്ളത്. കണ്ണൂർ കോർപറേഷനിൽ സജ്ജമായിട്ടില്ല. പത്തനംതിട്ട,ഇടുക്കി,ആലപ്പുഴ,മലപ്പുറം കാസർകോട് എന്നീ ജില്ലകളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങളില്ലാത്തത്. തെരുവുനായ്ക്കളെ പാർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.

മൂന്നു ലക്ഷത്തിലധികം വരുന്ന തെരുവ് നായ്ക്കളിൽ പേ വിഷബാധ തടയാനുള്ള കുത്തിവയ്പ് നൽകിയത് വെറും 10 ശതമാനത്തിനു മാത്രം. 32,061 എണ്ണത്തിനാണ്
10 മാസത്തിനിടെ തീവ്ര വാക്സിനേഷൻ ക്യാമ്പയിനിൽ കുത്തിവയ്പ് നൽകിയത്.

ബ്ലോക്കുകൾ നേരിട്ട് വന്ധ്യംകരണം നടത്തുന്നുവെങ്കിൽ നായ ഒന്നിന് ശസ്ത്രക്രിയ്ക്ക് 1500രൂപയാണ് കണക്കാക്കിയിരിക്കുന്നത്. മരുന്നിന് 600,യാത്രയ്ക്ക് 200,ആഹാരത്തിന് 400,നായയെ പിടികൂടുന്ന ഡോഗ് ക്യാച്ചർമാർക്ക് 300രൂപ. ഇതിനായി ഫണ്ട് വിനിയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.

തെരുവു നായ്‌ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം സ്തംഭിച്ചിട്ട് ആറു മാസം. ഡിസംബർ 31ന് സെക്രട്ടറി രാജിവച്ചതോടെയാണ് പ്രവർത്തനം പ്രതിസന്ധിയിലായത്. കൊവിഡിനുശേഷം മതിയായ പ്രവർത്തന ഫണ്ടും സർക്കാർ നൽകുന്നില്ല. 6000ഓളം പരാതി​കളാണ് ലഭിച്ചത്. ആയി​രത്തി​ൽ താഴെ പരാതികളിൽ നഷ്ടപരി​ഹാരം നി​ശ്ചയി​ച്ചു. തുക നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.

 2019ലെ സെൻസസ് പ്രകാരം തെരുവുനായ്ക്കൾ- 2,89,986

 ഈ വർഷം കഴിയുമ്പോൾ- 5 ലക്ഷം

 വാക്സിനെടുക്കാൻ ചെലവ്: 300 – 400 രൂപ വരെ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button